കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. വൈകീട്ട് ആറുമണിക്കാണ് നിശാഗന്ധിയിൽ സമാപന സമ്മേളനം. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിൽ വിജയിച്ച സിനിമകളുടെ അവാർഡ് വിതരണവും നടക്കും. അവസാന ദിനം 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
മേളയിലൂടനീളം വിദേശത്തായിരുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
സിനിമകളിൽ കേന്ദ്രത്തിൻ്റെ കടുംവെട്ട്, അക്കാദമി ചെയർമാൻ്റെ അസാന്നിധ്യം, സംഘാടനത്തിൽ പിഴവ് വന്നെന്ന ആരോപണം, അങ്ങനെ ഉടനീളം വിവാദങ്ങളായിരുന്നു മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ. സിനിമകളേക്കാൾ പ്രതിനിധികൾ ചർച്ചചെയ്തതും വിവാദം തന്നെ.
26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശനത്തിനെത്തിയത്. അതിൽ ആറ് ചിത്രങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. മേളയിലെ നിറസാന്നിദ്ധ്യമാകേണ്ട ചെയർമാൻ ഇല്ലാത്തതും സജീവ ചർച്ചയായി.
















