മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും അടയാളം പതിപ്പിച്ച പ്രതിഭയാണ് വിടവാങ്ങിയത്. വിവിധ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.
നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.
എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു.
സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേൽപ്പ്’, ‘സന്ദേശം’ തുടങ്ങിയ സിനിമകൾ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയാണ്.
ദശരഥം മുതൽ ചിന്താവിഷ്ടയായ ശ്യാമള വരെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയ ചിത്രങ്ങൾ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നർമ്മത്തോടെയും നോക്കിക്കണ്ടവയാണ്.
ഈ ചിത്രങ്ങൾക്ക് സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.
മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. മലയാളികളുടെ സ്വീകരണമുറികളിൽ ഇന്നും പൊട്ടിച്ചിരികൾ പടർത്തുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങൾ സിനിമയുള്ള കാലത്തോളം നിലനിൽക്കും.
















