നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് ശ്രീനിവാസന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് മന്ത്രി പറഞ്ഞു.
വിമർശനങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നർമ്മത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം രചിച്ച തിരക്കഥകൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണ്- ശിവൻകുട്ടി പറഞ്ഞു.
















