ചെന്നൈയിൽ പാമ്പു കടിയേറ്റു മരിച്ച അൻപത്തിയാറുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി മക്കൾ പാമ്പിനെ കൊണ്ട് കടുപ്പിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മക്കളായ മോഹൻരാജ്(26), ഹരിഹരൻ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂർ പോത്താട്ടൂർപേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇ.പി. ഗണേശനാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടിൽ വെച്ചു ഗണേശന് പാമ്പു കടിയേൽക്കുകയായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടർന്ന് പോലീസ് ഇത് അപകടമരണമായി കേസ് എടുക്കുകയായിരുന്നു.
എന്നാൽ, ഗണേശന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയുടെ ക്ലെയിം നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തിൽ സംശയമുയർന്നത്. ഗണേശന്റെ പേരിൽ ഉയർന്ന തുകയുടെ ഒട്ടേറെ പോളിസികൾ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇൻഷുറൻസ് കമ്പനി അധികൃതർക്ക് സംശയത്തിനിടയാക്കിയത്. ഇത് ഇൻഷുറൻസ് കമ്പനികാർക്ക് മരണത്തിൽ സംശയം ഉയരുകയും തുടർ അന്വേഷിക്കണം എന്ന് തമിഴ്‌നാട് നോർത്ത് ഐജിക്ക് പരാതി നൽകുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്. ഗണേശനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അയാളുടെ പേരിൽ മക്കളായ മോഹൻരാജും ഹരിഹരനും ഇൻഷുറൻസ് പോളിസി എടുത്തു. ഇതിന് ശേഷം ആയിരുന്നു കൊലപാതക ശ്രമം ആരംഭിച്ചത്.
വിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ചു അപകടമരണമാക്കാനായിരുന്നു ഇവരുടെ പദ്ധതി. അതിനായി ആദ്യം ഇവർ മൂർഖനെ ഉപയോഗിച്ച് ഗണേഷിന്റെ കാലിൽ കടിപ്പിച്ചു. എന്നാൽ വിഷം ഉള്ളിൽ ചെല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിച്ചു രക്ഷപെട്ടു. ഇതോടെയാണ് അടുത്ത പദ്ധതി ഇവർ ആസൂത്രണം ചെയ്യുന്നത്.
ഇവരുടെ ചില സഹായികൾ വഴി ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇവർ സംഘടിപ്പിച്ചു. തുടർന്ന് സംഭവദിവസം പുലർച്ചെ ഗണേഷൻ ഉറങ്ങുന്നതിനിടയിൽ പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിച്ചു. തുടർന്ന് മരിക്കുന്നത് വരെ നോക്കി ഇരുന്നതിന് ശേഷം ആണ് ആശുപത്രിയിൽ എത്തിച്ചത്. പാമ്പിനെ പ്രതികൾ തന്നെ തല്ലി കൊന്നു.
സംഭവത്തിൽ ഗണേശന്റെ രണ്ട് മക്കൾക്ക് പുറമേ ഇവർക്ക് സഹായം നൽകിയ നാലുപേരെയും പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞത്.
















