കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ വിരലുകൾ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അറ്റുപോയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. വെണ്ടുട്ടായി കനാൽകരയിൽ സ്‌നേഹാലയത്തിൽ വിപിൻ രാജിന്റെയാണ് വലതുകൈ നഷ്ടപെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വിപിൻ തന്റെ കൈയിലിരിക്കുന്ന സ്‌ഫോടകവസ്തുവിന്റെ തിരിക്ക് തീ കൊളുത്തുന്നതും പെട്ടന്ന് അത് പൊട്ടിത്തെറിക്കുകയുമാണ്. വിപ്പിന്റെ സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
പടക്കംപൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത ഓലപ്പടക്കം കൈയിലെടുക്കുകയും അത് കൈയിലിരുന്ന് പൊട്ടുകയുമായിരുന്നു എന്നാണ് വിപിൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ആശുപത്രി അധികൃതരും പോലീസും ഇത് വിശ്വസിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
സ്‌ഫോടനത്തിൽ വിപിന്റെ കൈപ്പത്തി തകർന്നിട്ടുണ്ട്. പരിക്ക് ഗുരുതരമാണെങ്കിലും ഇയാൾ ആശുപത്രിയിൽ സുഖംപ്രാപിച്ച് വരികയാണെന്നാണ് വിവരം.

















