ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഇരുവരെയും കേസിൽ പ്രതിചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ എ.പത്മകുമാർ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നായിരുന്നു ഇവർ നൽകിയ മൊഴി. എന്നാൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചേർന്നെടുത്ത തീരുമാനം എന്നാണ് പത്മകുമാർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നത്.
സ്വര്‍ണക്കൊള്ള കേസിൽ പങ്കജ് ബണ്ഡാരിയുടെയും ഗോവർദ്ധന്‍റെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ശബരിമലയിലെ സ്വർണം പ്രതികള്‍ എന്തു ചെയ്തുവെന്ന് വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് നിലപാട്. തട്ടിയെടുത്ത് സ്വർണത്തിന് ആനുപാതികമായി സ്വർണം രണ്ടും പേരിൽ നിന്നും കണ്ടെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു.
ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നത്.
















