അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ, താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുന്നിൽ നീതിക്കായി അഭ്യർഥിച്ചു.
ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയായെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴിയും ഇന്നലെ മാധ്യമങ്ങൾ വഴിയും അവർ ആവശ്യപ്പെട്ടത്.
ഹസീൻ ഉന്നയിക്കുന്ന പ്രധാന ആരോപണം പ്രായപൂർത്തിയാകുന്നതിനു മുൻപ് നിർബന്ധിതമായി നടത്തിയ വിവാഹത്തെക്കുറിച്ചാണ്. 1996-ൽ അമ്മാവന്റെ മകനുമായിട്ടായിരുന്നു ഈ ശൈശവ വിവാഹം. തന്നെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, വിവാഹശേഷം സ്വന്തം സ്വത്തുക്കൾ അയാൾ തട്ടിയെടുത്തെന്നും, പിന്നീട് തന്നെ കൊല്ലാൻ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നു. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപും അയാൾ പലരെയും വിവാഹം കഴിച്ചിരുന്നുവെന്നും ഹസീൻ കൂട്ടിച്ചേർത്തു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവിച്ച ദുരന്തങ്ങൾക്കൊന്നും തന്റെ പിതാവ് ഹാജി മസ്താനുമായി ബന്ധമില്ലെന്ന് ഹസീൻ വ്യക്തമാക്കുന്നു. പിതാവിന്റെ മരണശേഷമാണ് തനിക്കെതിരായ ചൂഷണങ്ങളും അതിക്രമങ്ങളും ഉണ്ടായത്. “പരിചരണവും സുരക്ഷിതത്വവും ഏറ്റവും ആവശ്യമായിരുന്ന കുട്ടിക്കാലത്ത് ഞാൻ കുടുംബത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയിരുന്നു. ആ സമയത്ത് ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടി വന്നു,” ഹസീൻ കണ്ണീരോടെ പറയുന്നു.
”എന്റെ പിതാവ് മരിച്ചതുപോലും രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഞാൻ അറിഞ്ഞത്. ജീവിതം മടുത്ത് പലതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.”
രാജ്യത്തെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടികളെ ഹസീൻ പ്രശംസിച്ചു. മുത്തലാഖ് നിർത്തലാക്കാൻ സർക്കാർ കാണിച്ച ഇച്ഛാശക്തി ശ്രദ്ധേയമാണെന്നും അവർ അഭിപ്രായപ്പെട്ടു. “എനിക്കും നീതി ലഭിക്കണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണം,” അവർ അഭ്യർഥിച്ചു. രാജ്യത്തെ നിയമങ്ങൾ ശക്തമായാൽ സ്ത്രീകൾക്കെതിരെ ക്രൂരമായി പെരുമാറാൻ ആരും ധൈര്യപ്പെടില്ലെന്നും ഹസീൻ മസ്താൻ മിർസ കൂട്ടിച്ചേർത്തു.
















