ശബരിമലയിലെ സ്വർണ്ണപ്പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. സ്വർണ്ണം പൂശിയ ശേഷം ബാക്കിവന്ന 474 ഗ്രാം സ്വർണ്ണത്തിന് പകരമായി 9,99,995 രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറിയെന്ന് റോഥം ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ വെളിപ്പെടുത്തി. ബാക്കി വന്ന സ്വർണ്ണത്തിന് തുല്യമായ തുക അന്നദാന ട്രസ്റ്റിലേക്കാണ് നൽകിയതെന്നും, ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബാക്കിവന്ന 474 ഗ്രാം സ്വർണ്ണത്തിന് പകരമായി നൽകിയ 9,99,995 രൂപ അഞ്ച് ഡിമാൻഡ് ഡ്രാഫ്റ്റുകളായാണ് (ഡിഡി) ദേവസ്വം ബോർഡിന്റെ അന്നദാന ട്രസ്റ്റിന് കൈമാറിയതെന്ന് ബെല്ലാരി സ്വദേശിയായ ഗോവർധൻ കോടതിയെ അറിയിച്ചു. ഇതിനുപുറമെ, ഏകദേശം 2,73,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണമാലയും താൻ അയ്യപ്പസ്വാമിക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഈ മാലയ്ക്കായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപ മുടക്കി ഇൻഷുറൻസ് എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണസംഘത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജ്വല്ലറി ഉടമ കോടതിയിൽ ഉന്നയിച്ചത്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബെല്ലാരിയിലെത്തിച്ച് തന്നിൽ നിന്ന് 474 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തുവെന്നാണ് ഗോവർധൻ ആരോപിക്കുന്നത്.
ഏകദേശം 59 ലക്ഷം രൂപയുടെ മൂല്യം വരുന്ന സ്വർണ്ണമാണിതെന്നും അദ്ദേഹം വാദിച്ചു. സ്വർണ്ണത്തിന് പകരമുള്ള പണം ദേവസ്വത്തിന് നൽകിയ സാഹചര്യത്തിൽ, വീണ്ടും സ്വർണ്ണം പിടിച്ചെടുത്തതിലൂടെ തനിക്ക് ഇരട്ടി നഷ്ടം സംഭവിച്ചുവെന്ന് ഗോവർധൻ കോടതിയെ അറിയിച്ചു.
പ്രധാന തന്ത്രിയായിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം 2009 കാലഘട്ടം മുതലുള്ളതാണെന്നും ഗോവർധൻ വെളിപ്പെടുത്തി. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തന്നെ പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് സൗഹൃദം തുടങ്ങിയത്. തുടർന്ന് പോറ്റിയുടെ നിർദേശപ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമ്മാണത്തിന് പൂർണ്ണമായും പണം മുടക്കിയത് താനാണെന്നും ഗോവർധൻ അറിയിച്ചു.
തേക്ക് തടിയിൽ ചെമ്പ് പാളികൾ പതിച്ച് അതിൽ സ്വർണ്ണം പൂശുന്നതിനുള്ള ചിലവുകൾ വഹിച്ചത് താനാണ്. പിന്നീട് കട്ടളപ്പാളിയും ദ്വാരപാലക ശില്പങ്ങളും സ്വർണ്ണം പൂശുന്നതിൽ സ്പോൺസർ ആകാൻ പോറ്റി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം നൽകിയതിന്റെയും പടിപൂജ ബുക്ക് ചെയ്തതിന്റെയും രേഖകൾ സഹിതമാണ് അദ്ദേഹം ഈ വാദങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
















