രാജ്യത്തെ ജില്ലാതല സർക്കാർ ആശുപത്രികളിൽ ചരിത്രമെഴുതാൻ എറണാകുളം ജനറൽ ആശുപത്രി ഒരുങ്ങുകയാണ്. ഇവിടെ ആദ്യമായി ഒരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് നടത്താനാണ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ 22-കാരിക്ക് മാറ്റിവെക്കുന്നത്.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബുവിന് ഡിസംബർ 21-നാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏഴ് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി. ഇത് ഏഴ് പേർക്ക് പുതുജീവൻ നൽകും.
ഷിബുവിന്റെ ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിലെ നേപ്പാൾ സ്വദേശിനിക്ക് നൽകും. മറ്റു അവയവങ്ങളായ വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ചർമ്മം എന്നിവ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്കും സ്‌കിൻ ബാങ്കിലേക്കുമാണ് നൽകിയത്. അവയവദാനത്തിന് സന്നദ്ധത അറിയിച്ച ഷിബുവിന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ശസ്ത്രക്രിയക്കായി ഹൃദയം എറണാകുളത്തേക്ക് അതിവേഗം എത്തിച്ചു. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയും വഴികളിൽ റോഡ് ക്ലിയറൻസ് സാധ്യമാക്കുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു.
പാരമ്പര്യമായി ഹൃദ്രോഗമുള്ള നേപ്പാൾ സ്വദേശിനിയായ യുവതിക്ക് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കേരളം ഈ കരുതലൊരുക്കുന്നത്. നോക്കാൻ ആരുമില്ലാത്തതിനാൽ അനാഥാലയത്തിലായിരുന്ന ഇവരെ, അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് വലിയ ചികിത്സാ ചെലവ് കണക്കിലെടുത്ത് കേരളത്തിലെത്തിച്ചത്.
ഇതിന് മുന്നോടിയായി ജില്ലാതല ആശുപത്രിയിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകളും എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടന്നിട്ടുണ്ട്. ഈ ചരിത്രപരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ പിന്തുണയും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
















