തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തോടൊപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ & നിക്കോബാർ എന്നിവിടങ്ങളിലെ പട്ടികയും ഇന്നാണ് പുറത്തിറക്കുന്നത്. വിവരശേഖരണം പൂർത്തിയായപ്പോൾ ഏകദേശം 24 ലക്ഷത്തിലധികം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഇന്ന് മുതൽ ജനുവരി 22 വരെ കരട് പട്ടികയിൻമേൽ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും.
സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം. EPIC നമ്പര്‍ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.
ഫെബ്രുവരി 14 വരെ ഹിയറിങുകൾക്കും പരിശോധനകൾക്കും സമയമുണ്ടാകും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐആറുമായി ബന്ധപ്പെട്ട വിവരശേഖരണം അവസാനിച്ചത്. കണ്ടെത്താനാകാത്ത വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















