ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദുരൂഹത വർദ്ധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്.
2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തിൽ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത്. സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരൻ.
‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങൾ വാങ്ങിയത്. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തിൽ പങ്കെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്.
ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി.മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്നും വ്യവസായി മൊഴി നൽകി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
















