ബിഹാറിലെ എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. നവീകരിച്ച നളന്ദ സർവകലാശാലയിലെ ആദ്യത്തെ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിൽ എത്തിയതായിരുന്നു ശശി തരൂർ. ബിഹാറിൽ സമീപ വർഷങ്ങളിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ലെന്നും എന്നാൽ അതിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ മികച്ചതാണ് അടിസ്ഥാന സൗകര്യങ്ങൾ എന്നതിൽ തർക്കമില്ല. റോഡുകൾ മികച്ചതാണ്. രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇതുവരെ വൈദ്യുതി, ജലവിതരണം അങ്ങനെ എല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് തോന്നുന്നതെന്ന് തരൂർ എൻഡിടിവിയോട് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ശശി തരൂർ മറുപടി നൽകി. വികസനം പറയുമ്പോൾ രാഷ്ട്രീയം പറയാൻ തള്ളിവിടരുത്. ഈ പുരോഗതി കാണുന്നതിൽ ഞാൻ തീർച്ചയായും വളരെ സന്തോഷിക്കുന്നു. ബിഹാറിലെ ജനങ്ങളും ഇവിടുത്തെ ജനപ്രതിനിധികൾക്കും ക്രെഡിറ്റ് നൽകിയേ മതിയാകൂ- തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, ബിഹാറിലെ ബിജെപിയുമായി സഖ്യത്തിലുള്ള ഒരു സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് ശശി തരൂർ നടത്തിയ പുതിയ പരാമർശങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
















