ജർമ്മനിയിലെ ബെർലിനിൽ നടന്ന ഒരു ചടങ്ങിൽ വെച്ച്, ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി. സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആയുധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), സി.ബി.ഐ. തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഭരണപക്ഷത്തുള്ളവർക്കെതിരെ കേസുകൾ എടുക്കുന്നതിൽ ഈ ഏജൻസികൾ പരാജയപ്പെടുകയാണെന്നും, എന്നാൽ പ്രതിപക്ഷ നേതാക്കൾ നിരന്തരമായ വേട്ടയാടലിന് ഇരയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഈ സ്ഥാപനങ്ങളെ രാജ്യത്തിന്റെ സ്വത്തായാണ് കണ്ടിരുന്നതെങ്കിൽ, ബി.ജെ.പി.ക്ക് അവ പ്രതിപക്ഷത്തെ നേരിടാനുള്ള ആയുധങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതല്ലെന്നും അതിൽ പ്രശ്‌നങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 2024-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നതായി അദ്ദേഹം ആവർത്തിച്ചു.
ഹരിയാണയിൽ കോൺഗ്രസ് വിജയിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും, എന്നാൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ പരാതികൾക്ക് മറുപടി നൽകിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ നീതിയുക്തതയിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക മാതൃക പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്ത് വലിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. മോദിയുടെ കാഴ്ചപ്പാട് രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുമെന്നും, നിലവിൽ ഇന്ത്യയിൽ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി. ശക്തമായി രംഗത്തുവന്നു. രാജ്യത്ത് അരാജകത്വവും അസ്ഥിരതയും സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. നേതൃത്വം കുറ്റപ്പെടുത്തി.
ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി, രാഹുൽ ഗാന്ധി ഇന്ത്യാവിരുദ്ധനാണെന്നും വിദേശ മണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ആരോപിച്ചു. ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, രാഹുൽ ഗാന്ധി ഇപ്പോഴും ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പരിഹസിച്ചു.
















