ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ആഭ്യന്തര ക്രിക്കറ്റിലെ വനിതാ താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഇരട്ടിയാക്കി വർദ്ധിപ്പിച്ചു.
അടുത്തിടെ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം ചരിത്രത്തിലാദ്യമായി കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ബിസിസിഐയുടെ അപെക്‌സ് കൗൺസിൽ ഈ വേതന വർദ്ധനവിന് ഔദ്യോഗികമായി അംഗീകാരം നൽകി.
പുതിയ വേതനഘടന പ്രകാരം, ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കുന്ന സീനിയർ വനിതാ താരങ്ങൾക്ക് ഇനി ഒരു ദിവസം 50,000 രൂപ മുതൽ 60,000 രൂപ വരെ ലഭിക്കും. നിലവിൽ 20,000 രൂപയായിരുന്ന പ്രതിദിന വേതനമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്.
സീനിയർ വനിതാ ഏകദിന ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഉൾപ്പെടുന്ന കളിക്കാർക്ക് പ്രതിദിനം 50,000 രൂപയും, റിസർവ് താരങ്ങൾക്ക് 25,000 രൂപയുമാണ് ലഭിക്കുക. ദേശീയ ടി20 ടൂർണമെന്റുകളിൽ ഓരോ മത്സര ദിവസത്തിനും 25,000 രൂപയും റിസർവിലുള്ളവർക്ക് 12,500 രൂപയും ലഭിക്കും.
സീനിയർ താരങ്ങളെ കൂടാതെ ജൂനിയർ വനിതാ താരങ്ങളുടെ പ്രതിഫലവും അപെക്‌സ് കൗൺസിൽ ഗണ്യമായി വർദ്ധിപ്പിച്ചു. അണ്ടർ-23, അണ്ടർ-19 വിഭാഗങ്ങളിലെ യുവതാരങ്ങൾക്കും ഇനി മുതൽ ഓരോ മത്സര ദിവസത്തിനും 25,000 രൂപ പ്രതിഫലം ലഭിക്കും. റിസർവ് വിഭാഗത്തിലുള്ള ജൂനിയർ താരങ്ങൾക്ക് 12,500 രൂപയാണ് ലഭിക്കുക. ഈ തീരുമാനം രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ അടിത്തറ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
താരങ്ങൾക്കൊപ്പം തന്നെ, ആഭ്യന്തര ക്രിക്കറ്റിലെ മാച്ച് ഒഫീഷ്യലുകൾക്കും (അമ്പയർമാർ, മാച്ച് റഫറിമാർ) വലിയ വേതന വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിലെ ലീഗ് മത്സരങ്ങൾക്കായി അമ്പയർമാർക്കും മാച്ച് റഫറിമാർക്കും പ്രതിദിനം 40,000 രൂപയാണ് പുതുക്കിയ പ്രതിഫലം.
നോക്കൗട്ട് മത്സരങ്ങൾക്ക് പ്രതിദിനം 50,000 രൂപ മുതൽ 60,000 രൂപ വരെ ലഭിക്കും. ഇതോടെ രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു അമ്പയർക്ക് ഏകദേശം 1.60 ലക്ഷം രൂപയും, നോക്കൗട്ട് മത്സരങ്ങൾക്ക് ഓരോ കളിയിലും 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയും പ്രതിഫലം ലഭിക്കുന്ന സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
















