തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലം കോൺഗ്രസിന് ലഭിക്കണമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നമുള്ള സ്ഥാനാർത്ഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന് വളരെ ശക്തവും അടിത്തറയുമുള്ള മണ്ഡലമാണ് ഗുരുവായൂർ. കോൺഗ്രസ് സ്ഥാനാർത്ഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂരിൽ കെ മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം.
















