പാലക്കാട് വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപെടുത്തുമെന്നാണ് വിവരം.
അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭാഗേലിനെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. ഈ കേസിലെ പുതിയ അന്വേഷണ സംഘം ഇന്നലെ സ്ഥലത്തെത്തി ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിങ്ങനെയുള്ള സാക്ഷികളുടെ മൊഴി എടുത്തിരുന്നു.
ഈ കേസിൽ നേരത്തെ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ പിടിയിലായ രണ്ടുപേർക്കും നേരത്തെ ക്രിമിനൽ പശ്ചാത്തലമുണ്ട്. വീഡിയോ ദൃശ്യത്തിൽ മർദിക്കാൻ കൂടെ ഉള്ളവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥനത്തിൽ കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാമനാരായൺ ഭാഗേലിന്റെ മൃതദേഹം ഇന്ന് വിമാനമാർഗം റായ്പുരിലെത്തിക്കും.
















