മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നിർണ്ണായകമായ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) പരിശോധന ഇന്ന് ആരംഭിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ ശാസ്ത്രീയ പഠനം നടക്കുന്നത്.
ചൊവ്വാഴ്ച മുതൽ 12 ദിവസം തുടരുന്ന ഈ പരിശോധനയിലൂടെ അണക്കെട്ടിന്റെ നിലവിലെ ഘടനാപരമായ സുരക്ഷയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പ്രധാന പരിശോധന ആരംഭിച്ചത്.
ROV പരിശോധന മുമ്പ്, 2011 മാർച്ചിൽ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഉപകരണം തകരാറിലായതിനെ തുടർന്ന് മുടങ്ങുകയായിരുന്നു.
തുടർന്ന് 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അണക്കെട്ടിന്റെ അടിത്തട്ടിൽ വീണ്ടും പരിശോധന നടത്തുന്നത്. ഫ്രാൻസിൽനിന്ന് എത്തിച്ച അത്യാധുനിക ഉപകരണങ്ങളാണ് നിലവിലെ പഠനത്തിനായി ഉപയോഗിക്കുന്നത്.
1200 അടി നീളമുള്ള അണക്കെട്ടിന്റെ ഘടന വിശദമായി പഠിക്കുന്നതിനായി പരിശോധന പല ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ, അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്.
ഇത് പൂർത്തിയായാൽ, 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് കൂടുതൽ സൂക്ഷ്മമായ പരിശോധന നടത്തും. ഏറ്റവും ഒടുവിൽ, അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതം ഭാഗിച്ച് ബലക്ഷയത്തിന്റെ സൂക്ഷ്മ വിവരങ്ങൾ ശേഖരിക്കും.
മുമ്പ് കേരളം നടത്തിയ ഒരു പഠനത്തിൽ, അണക്കെട്ടിലെ 110 അടിക്ക് താഴെയുള്ള ഭാഗങ്ങളിൽ സിമന്റ് പ്ലാസ്റ്ററിങ് ഇളകിയതായും, സുർക്കി മിശ്രിതം നഷ്ടപ്പെട്ട് കരിങ്കല്ലുകൾ തെളിഞ്ഞ നിലയിലായതായും കണ്ടെത്തിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് തമിഴ്‌നാട് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
നിലവിലെ സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള പഠനത്തിന്റെ ഫലം ഇരു സംസ്ഥാനങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ശാസ്ത്രജ്ഞൻമാരായ പി. സെന്തിൽ, സി. വിജയ്, ഡോ. ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയാണ്.
















