മുംബയിൽ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ അടിയന്തര ചികിത്സ ലഭിക്കാതെ മരണപെട്ടു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലാണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ട്രെയിനിൽ യാത്ര ചെയ്യവെയാണ് യുവാവിന് നെഞ്ചുവേദന ഉണ്ടായത്. ഉടൻ അടുത്തുള്ള വാശി സ്റ്റേഷനിൽ ഇറക്കുകയും അവിടത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് വിടുകയും ചെയ്തു.
എന്നാൽ രോഗിയെ ആശുപത്രിയിലെത്തിക്കാതെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. കുറച്ചുനേരം കാത്തിട്ടും ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പിൽ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥർ എന്നിവയൊന്നും വാശി സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണു ഹർഷ് പട്ടേൽ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.
















