ആക്ഷൻ കിംഗ് അരുൺ വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘രെട്ട തല’ ക്രിസ്മസ് ദിനമായ നാളെ ഡിസംബർ 25 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഗംഭീര ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. പതിവ് ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട ഒരു ദൃശ്യാനുഭവം ആയിരിക്കും ‘രെട്ട തല’ നൽകുകയെന്ന് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു.
പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സംവിധായകൻ ക്രിസ് തിരുകുമാരനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് പിന്നിൽ. തമിഴകത്തെ യുവ ആക്ഷൻ ഹീറോകളിൽ പ്രമുഖനായ അരുൺ വിജയ്ക്ക് മലയാളികൾക്കിടയിലും വലിയ ആരാധക പിന്തുണയുണ്ട്. ബോബി ബാലചന്ദ്രനാണ് ‘രെട്ട തല’ നിർമ്മിച്ചിരിക്കുന്നത്.
സിനിമയുടെ പിന്നണിയിൽ സംഗീത സംവിധായകൻ സാം സി എസ് ഉൾപ്പെടെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രഗത്ഭരായ നിരവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. ആന്റണി റ്റിജോ ടോമി, അരുൺ ശങ്കർ ദുരൈ, പി സി വിവേക്, കാർത്തിക് നേത തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധരും ടീമിന്റെ ഭാഗമാണ്.
’രെട്ട തല’യുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സ്ട്രൈറ്റ് ലൈൻ സിനിമാസ് – രാജശ്രീ ഫിലിംസ് ചേർന്നാണ്. ഉത്സവ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നായിരിക്കും എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
















