കൊച്ചി: കൊച്ചി കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ.
ഒരിടത്തൊരു നീതി, മറ്റൊരിടത്ത് വേറൊരു നീതി എന്ന നിലപാട് പറ്റില്ലെന്ന് കുഴല്‍ നാടന്‍ പറഞ്ഞു. ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കില്‍ എല്ലാ കാര്യത്തിലും അത് തുടരണം എന്നും കുഴല്‍നാടന്‍ പറഞ്ഞു.
സ്വീകാര്യത പല വിധത്തിലാണ്. സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സംഘടനാ രംഗത്ത് നില്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായി പല രീതിയില്‍ എതിര്‍പ്പ് നേരിടേണ്ടി വരും. പാര്‍ട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്. അവര്‍ക്ക് അങ്ങനെയുള്ള എതിര്‍പ്പുണ്ടായിരിക്കില്ല. അവര്‍ക്ക് പാര്‍ട്ടിയുടെ ഡിസിഷന്‍ മേക്കിങ്ങില്‍ പങ്കില്ലാത്തത് കൊണ്ടാണ് എതിര്‍പ്പില്ലാത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്നെനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
















