വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ബുധനാഴ്ച പിറന്നത് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ റെക്കോർഡുകൾ. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 50 ഓവറിൽ 574 റൺസ് എന്ന പടുകൂറ്റൻ സ്കോർ നേടി ബിഹാർ ചരിത്രമെഴുതിയപ്പോൾ, അവരുടെ ക്യാപ്റ്റൻ സാകിബുൾ ഗനി കുറിച്ചത് ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി.
ആദ്യം ബാറ്റ് ചെയ്ത ബിഹാർ ടീം റൺവേട്ടയുടെ കൊടുങ്കാറ്റഴിച്ചുവിട്ടു. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് അവർ അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. വൈഭവ് സൂര്യവംശി, ക്യാപ്റ്റൻ സാകിബുൾ ഗനി, ആയുഷ് ലൊഹാര എന്നിവർ സെഞ്ചുറിയുമായി ബിഹാർ ഇന്നിങ്‌സിന് കരുത്തായി.
യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെയും കടത്തിവെട്ടിയത് ക്യാപ്റ്റൻ സാകിബുൾ ഗനിയുടെ വെടിക്കെട്ടായിരുന്നു. വെറും 32 പന്തിൽ സെഞ്ചുറി തികച്ചാണ് 26-കാരനായ ഗനി റെക്കോർഡ് ബുക്കിൽ തന്റെ പേര് സുവർണ ലിപികളിൽ എഴുതിച്ചേർത്തത്. 2024-ൽ പഞ്ചാബ് താരം അൻമോൾപ്രീത് സിങ് സ്ഥാപിച്ച 35 പന്തിലെ സെഞ്ചുറിയുടെ റെക്കോർഡാണ് ബിഹാർ താരം തകർത്തത്.
മോത്തിഹാരി സ്വദേശിയായ ഗനി, 40 പന്തുകൾ മാത്രമാണ് ക്രീസിൽ ചെലവഴിച്ചത്. 12 സിക്സറുകളും 10 ബൗണ്ടറികളുമടക്കം പുറത്താകാതെ 128 റൺസാണ് താരം നേടിയത്. താരതമ്യേന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ പേരുകേട്ട ഗനിയുടെ ഈ പ്രകടനം ക്രിക്കറ്റ് ലോകത്തിന് ഒരു അപ്രതീക്ഷിത സമ്മാനമായി. നേരിട്ട 40 പന്തുകളിൽ വെറും അഞ്ചെണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിന് റൺസ് നേടാൻ കഴിയാതെ പോയത് എന്നതും ശ്രദ്ധേയമാണ്.
സമീപകാലത്ത് ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പേരെടുത്ത യുവതാരം വൈഭവ് സൂര്യവംശിയും ഇന്ന് തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുത്തു. കേവലം 36 പന്തിൽ സെഞ്ചുറി കുറിച്ച താരം, 84 പന്തിൽനിന്ന് 15 സിക്സറുകളും 16 ബൗണ്ടറികളുമടക്കം 190 റൺസ് നേടി. ക്യാപ്റ്റനും യുവതാരവും കത്തിക്കയറിയപ്പോൾ ബിഹാറിന്റെ ടോട്ടൽ ലോക റെക്കോർഡിലേക്ക് കുതിച്ചെത്തി.
















