കംബോഡിയ-തായ്‌ലൻഡ് അതിർത്തി തർക്കത്തെ തുടർന്ന് മഹാവിഷ്‌ണു ശിൽപം തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. മഹാവിഷ്‌ണു ശിൽപം തകർത്തത് തീർത്തും അനാദരമാണെന്നും ഇന്ത്യ വിശേഷിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കംബോഡിയയും തായ്‌ലൻഡും സമാധാന ചർച്ചകളിലേക്കു കടക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിമ പൊളിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകരോടാണ് ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ അവകാശവാദങ്ങളുണ്ടെങ്കിലും ഇത്തരം പ്രവൃത്തികൾ ലോകത്തിലെമ്പാടുമുള്ള ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കംബോഡിയ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമാണ്. ഇതിനിടെയാണ് മഹാവിഷ്‌ണു ശിൽപം തായ്‌ലൻഡ് നശിപ്പിച്ചതായി കംബോഡിയ ആരോപിച്ചത്. കംബോഡിയൻ അതിർത്തിയിലെ പ്രശസ്തമായ പ്രീ വിഹാറിൽനിന്നും 100 മീറ്റർ അകലെയുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്.
















