ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വീട്ടുമുറ്റത്ത് പുൽക്കൂടൊരുക്കിയും വർണവിളക്കുകൾ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങൾക്ക് മുന്നേ തുടങ്ങി.
സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചും കരോൾ സംഗീതത്തിൻറെ അകമ്പടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്.
ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർത്ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനയിൽ പങ്കാളികളായി. അർദ്ധരാത്രി തുടങ്ങിയ ചടങ്ങുകൾ ഇന്നു പുലർച്ചെ വരെ നീണ്ടു.
ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥന നടക്കും. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കരോൾ സർവീസുകളും സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെ ജീവിതാനുഭവം പങ്കുവയ്‌ക്കുന്ന പുണ്യദിനത്തെ ആഘോഷമാക്കുകയാണ് നാട്. ജീവിതചുറ്റുപാടിന് കൂടുതൽ പ്രതീക്ഷ നൽകുന്ന നാളുകൾകൂടിയാണ് ഇൗ ക്രിസ്മസ്.
















