ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഡി. മണിയെ ചോദ്യം എസ്ഐടി ചെയ്തു. ചെന്നൈയിൽ രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഇന്നും ഡി. മണിയുടെ ചോദ്യം ചെയ്യൽ തുടരും.
പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന മൊഴിയിലാണ് ചോദ്യം ചെയ്യൽ. താൻ വജ്ര വ്യാപാരിയാണെന്ന് ഡി മണി മൊഴി നൽകി. ഡി മണി എന്നാൽ ഡയമണ്ട് മണി എന്നാണെന്നും മണി പറഞ്ഞു. ബാലമുരുകൻ വജ്ര വ്യാപരത്തിൽ ഇടനില നിന്നാണ് ഡി മണി ആയത്.
ശബരിമല സ്വർണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകൾ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നൽകിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡി മണി ആരെന്ന അന്വേഷണം എസ്.ഐ.ടി ആരംഭിച്ചത്. ഇതിനായി എസ്.ഐ.ടിയിലെ തന്നെ സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി പ്രകാരമാണ് ഡി. മണിയെ ചോദ്യം ചെയ്തത്.
















