ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഉത്തർപ്രദേശിലെ ബറേലിയിലും ഛത്തീസ്ഗഡിലെ റായ്പൂരിലും തീവ്ര ഹിന്ദുത്വ സംഘടനകളുടെ അതിക്രമം. ക്രിസ്മസ് തലേന്ന് ബുധനാഴ്ചയാണ് ഇരുസംഭവങ്ങളും നടന്നത്. ആരാധനാലയങ്ങൾക്ക് മുൻപിലും ഷോപ്പിംഗ് മാളുകളിലും നടന്ന അതിക്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ക്രിസ്ത്യൻ പള്ളിക്ക് മുൻപിലാണ് ബജ്‌രംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർ അതിക്രമം നടത്തിയത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ആരാധനാ പരിപാടികൾ നടക്കുന്നതിനിടെ 20-25 പേരടങ്ങുന്ന പ്രവർത്തകരുടെ സംഘം പള്ളിക്ക് മുമ്പിലെത്തി ഹനുമാൻ ചാലിസ ഉരുവിടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോലീസ് സ്ഥലത്തുണ്ടായിട്ടും സംഘർഷമുണ്ടാക്കിയവരെ തടഞ്ഞില്ല എന്നും ആരോപണമുണ്ട്. ക്രിസ്മസ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്ന രൂപത്തിലായിരുന്നു ഈ പ്രകോപനപരമായ നടപടി.
ഛത്തീസ്ഗഡിലെ റായ്പൂരിലും സമാനമായ ആക്രമണം അരങ്ങേറി. ഇവിടെ ഒരു ഷോപ്പിംഗ് മാളിലെ ക്രിസ്മസ് ആഘോഷ ചടങ്ങുകളാണ് അതിക്രമികൾ അലങ്കോലപ്പെടുത്തിയത്. ക്രിസ്മസ് അലങ്കാരങ്ങളും സ്ഥാപിച്ചിരുന്ന സാന്താക്ലോസ് രൂപങ്ങളും അവർ നശിപ്പിച്ചു.
സർവ്വ ഹിന്ദു സമാജ് എന്ന സംഘടനയാണ് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച റായ്പൂരിൽ ബന്ദിന് ആഹ്വാനം ചെയ്തത്. ഈ ബന്ദിന്റെ ഭാഗമായി നടത്തിയ പ്രകടനമാണ് മാളിലേക്ക് ഇരച്ചുകയറി അതിക്രമം നടത്തിയത്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽത്തന്നെ ഇത്തരത്തിൽ ആരാധനാലയങ്ങൾക്കും പൊതുഇടങ്ങളിലെ ആഘോഷങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങൾ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സംഭവങ്ങളിൽ നിയമനടപടി സ്വീകരിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
















