മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചു നിൽക്കുന്ന ചിത്രമായിരുന്നു എൻ സുബ്രഹ്മണ്യൻ പങ്കുവെച്ചത്. പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന ചോദ്യവും ക്യാപ്ഷനിൽ പങ്കുവെച്ചു.
















