ആയുധങ്ങളോ നിരോധിക വസ്തുക്കളോ നിയമസഭയ്ക്കുളളില്‍ സമാജികര്‍ കൊണ്ടു വരാന്‍ പാടില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റൂള്‍ ചെയ്തു. ഇന്നലെ സഭയ്ക്കുള്ളില്‍ വി.ജോയ് എം.എല്‍.എ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടയില്‍ ഒടിഞ്ഞ ലാത്തി എടുത്തു കാണിച്ചിരുന്നു. എസ്.എഫ്.ഐ സമരത്തിനെ പോലീസ് അടിച്ചൊതുക്കിയത് പറയാനായിരുന്നു വി.ജോയി ലാത്തി കാണിച്ചത്. എന്നാല്‍, ഇത്തരം നടപടികള്‍ സഭാ ചട്ടത്തിന് വിരുദ്ധമാണെന്ന് സ്പീക്കര്‍ റൂളിംഗില്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ ബിയര്‍കുപ്പി കൊണ്ടു വന്നതും, കഞ്ചാവ് കൊണ്ടു വന്നതും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അന്നെല്ലാം അതിനെ സഭാ നാഥന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. റൂളിംഗ് നല്‍കി തടയുകയും ചെയ്തിട്ടുണ്ട്. സമാനമായാണ് സ്പീക്കര്‍ ലാത്തി കാണിച്ചതിന് റൂളിംഗ് നല്‍കിയത്. സ്പീക്കര്‍ സഭയില്‍ നല്‍കിയ റൂളിംഗ് ഇതാണ്
ഇന്നലെ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന് അവതരണാനുമതി തേടിയ വേളയില്‍ വി. ജോയി എം.എല്‍.എ. കറുത്ത നിറത്തിലുള്ള പിടി ഭാഗം ഒടിഞ്ഞ ഒരു ഫൈബര്‍ ലാത്തി സഭയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയറിന്റെ നിര്‍ദ്ദേശാനുസരണം അത് വാച്ച് & വാര്‍ഡിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇത്തരം വസ്തുക്കള്‍ സഭയില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രമ പ്രകാരമാണോ എന്ന വിഷയം ഉന്നയിക്കുകയും ഇതുസംബന്ധിച്ച റൂളിംഗ് ഇന്ന് നല്‍കാമെന്ന് ചെയര്‍ അറിയിക്കുകയും ചെയ്തിരുന്നു.
നിയമസഭാ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഒരു ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ ഒരു അംഗം രണ്ടുകുപ്പി ബിയര്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും കഞ്ചാവ് വേട്ട സംബന്ധിച്ച ചര്‍ച്ചാ വേളയില്‍ ഒരു അംഗം കഞ്ചാവ് പൊതി സഭയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും സഭ പ്രസ്തുത അംഗങ്ങളുടെ നടപടിയെ അപലപിക്കുകയും അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ സഭയില്‍ കൊണ്ടുവരരുതെന്ന് റൂളിംഗ് നല്‍കുകയും ചെയ്തിട്ടുണ്ട്. സഭയില്‍ ഗ്രനേഡ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവുന്ന നടപടി അല്ലെന്നും സ്‌പോടക വസ്തുക്കള്‍, മാരകായുധങ്ങള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ സഭയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും 2005 ജൂലൈ 8-ാം തീയതി ചെയര്‍ റൂളിംഗ് നല്‍കുകയും ഡയറക്ഷന്‍ നമ്പര്‍ 20 പ്രകാരം പ്രസ്തുത വസ്തുക്കള്‍ സഭയില്‍ കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭയില്‍ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും ഹാജരാക്കുന്നതും തെറ്റാണെന്ന് ശക്ധര്‍ ആന്റ് കൗളും പ്രതിപാദിക്കുന്നുണ്ട്. സഭയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടം 3 (XI) പ്രകാരം സഭയില്‍ ആയുധങ്ങള്‍ കൊണ്ടുവരാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ആരോഗ്യ കാരണങ്ങളാല്‍ അല്ലാതെ വാക്കിംഗ് സ്റ്റിക്ക് പോലും സഭയില്‍ കൊണ്ടുവരാന്‍ പാടില്ല എന്നിരിക്കെ ഫൈബര്‍ ലാത്തി പോലുള്ള വസ്തുക്കള്‍ സഭയില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നത് ശരിയായ നടപടി അല്ല എന്ന് ചെയര്‍ റൂള്‍ ചെയ്യുന്നു.















