പുണെയിൽ വീടുകൾ കേന്ദ്രികരിച്ചു അനധികൃത മദ്യവിൽപ്പന നടക്കുന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ പോലീസ് കണ്ടെടുത്തു. മഹാരാഷ്ട്രയിലെ കോണ്ഡ്വയിലെ വീട്ടിൽനിന്നുമാണ് പുണെ സിറ്റി പൊലീസ് മദ്യവും പണവും കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിൽ ആയിരുന്നു പോലീസ് സംഭവ സ്ഥലത്തു എത്തുന്നത്. അങ്ങനെ പോലീസ് കോണ്ഡ്വയിലെ ഇരുനില വീട്ടിലെത്തി. അവിടെ ഇവർ നടത്തിയ പരിശോധനയിൽ 1.41 ലക്ഷം രൂപയും വിവിധ ബ്രാൻഡുകളിലുള്ള വിദേശ നിർമിത മദ്യവും നാടൻ ചാരായവും പിടിച്ചെടുത്തു.
പരിശോധനയിൽ മൂന്നുപേരെ പോലീസ് പിടികൂടി. പിന്നീട് തുടർന്ന് കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച പണം കണ്ടെടുത്തത്. കണ്ടെടുത്ത നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കൂടുതൽ പൊലീസുകാരെ വിളിച്ചു വരുത്തി. പരിശോധന പൂർത്തിയാക്കിയപ്പോൾ 1,00,85,950 രൂപയാണ് കണ്ടെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരം.
















