കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി.കെ നിഷാദിന് പരോൾ. ഒരുമാസം മുമ്പാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ആറു ദിവസത്തേക്കാണ് പരോൾ ലഭിച്ചത്.
കണ്ണൂർ സെൻട്രല്ർ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിക്കുന്നത്. ഇയാൾ ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗണ്‍സിലറാണ് വി കെ നിഷാദ്. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം.
പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് 20 വർഷം കഠിനതടവ് വിധിച്ചത്. വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. കൊലപാക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വി.കെ നിഷാദ്. 2012ൽ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവിൽ പയ്യന്നൂർ മുൻസപാലിറ്റി കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂർ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളിൽ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വർഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.
















