ഹോളിവുഡ് സൂപ്പർ ഹീറോകളേക്കാൾ കരുത്തരും ശ്രേഷ്ഠരുമാണ് ഇന്ത്യൻ പുരാണങ്ങളിലെ നായകന്മാരെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പാശ്ചാത്യ സിനിമകളിലെ കഥാപാത്രങ്ങൾ വെറും സാങ്കൽപ്പികമാണെന്നും എന്നാൽ ഇന്ത്യൻ ഇതിഹാസങ്ങൾ യഥാർത്ഥ മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതിയിലെ സയൻസ് കോൺക്ലേവിലാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ വിവാദ പരമാർശം.
ചന്ദ്രബാബു നായിഡുവിന്റെ വാക്കുകൾ:
ഹനുമാൻ സൂപ്പർ മാനേക്കാൾ ശക്തനും, അർജുനൻ അയൺമാനേക്കാൾ കരുത്തനുമാണ്. രാമായണവും മഹാഭാരതവും അവതാർ സിനിമാ പരമ്പരയേക്കാൾ മികച്ചതാണ്. യുവാക്കൾ രാമനെയും കൃഷ്ണനെയും കുറിച്ച് പഠിക്കണം. സ്പൈഡർ മാൻ, ബാറ്റ്മാൻ, സൂപ്പർ മാൻ തുടങ്ങിയ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണ്. എന്നാൽ ഇന്ത്യൻ പുരാണങ്ങളിലെ നായകന്മാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, അർജുനൻ എന്നിവർ യഥാർത്ഥ മൂല്യങ്ങളെയും ആദർശങ്ങളെയും പ്രതിനിധീകരിക്കുന്നു. ബകാസുരൻ, കംസൻ തുടങ്ങിയ അസുരന്മാരുടെ കഥകളിലൂടെ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കണം. പാശ്ചാത്യ സൂപ്പർഹീറോ കഥകൾക്ക് പകരം കുട്ടികളിലും യുവാക്കളിലും ഇന്ത്യൻ ഇതിഹാസങ്ങളെയും പൈതൃകത്തെയും കുറിച്ചുള്ള അറിവ് വളർത്തിയെടുക്കാൻ മാതാപിതാക്കളോടും അധ്യാപകരോടും നായിഡു ആഹ്വാനം ചെയ്തു.
















