മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചതിന് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പൊലീസിന്റെ ഭാഹത്തുനിന്നുണ്ടായത് കാട്ടുനീതിയാണെന്ന് കെ സി കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണി ഒളിവിലായിരുന്നിട്ട് ഒരുപാട് നാളായല്ലോ. അയാളെ പിടിക്കാൻ പൊലീസിന് പറ്റിയോ. പൊലീസിനെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന നടപടിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്‌ണൻ പോറ്റി മുഖ്യമന്ത്രിക്കും കടകംപള്ളിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ എല്ലാം എഐ ആണോ. സത്യങ്ങൾ വളച്ചൊടിക്കരുത്. ഇനി അങ്ങനെയാണെങ്കിൽ തന്നെ വീട് വളഞ്ഞ് പിടികൂടാൻ കൊലക്കേസിലെ പ്രതിയാണോ അദ്ദേഹം. അതോ അദ്ദേഹം ഒളിവിൽ പോയോ. എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിയമപരമായ നടപടിയെ ഞങ്ങൾ ചോദ്യംചെയ്യില്ല. പക്ഷേ, നിയമം എല്ലാവർക്കും ബാധകമാണ്. സുബ്രഹ്മണ്യന്റെ അറസ്റ്റിന്റെ കാര്യത്തിൽ പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയാണ്. ഇരട്ടത്താപ്പാണ്. ഇതൊക്കെ കാണിച്ച് പേടിപ്പിച്ചാലൊന്നും സ്വർണക്കൊള്ള മറക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
















