ആഡംബര വാഹനം ഗാരേജിലെത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. ബി എം ഡബ്ള്യു വിന്റെ 2 സീറ്റർ കൺവെർട്ടബിൾ മോഡലായ Z4 ആണ് താരം സ്വന്തമാക്കിയത്. ഒരു കോടി രൂപയോളമാണ് ഈ വാഹനത്തിനു ഇന്ത്യയിൽ എക്സ് ഷോറൂം വില. പുത്തൻ വാഹനത്തിനൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
മാതാപിതാക്കൾക്കൊപ്പം എത്തിയാണ് താരം പുതു വാഹനത്തെ ഒപ്പം കൂട്ടിയത്. തന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കൂടെ നിന്ന രണ്ടുപേർക്കൊപ്പം പുതിയ കാറിനെ ഗൃഹത്തിലെത്തിച്ചു എന്നും മാതാപിതാക്കളെ സാക്ഷികളാക്കി ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതും അവർ കണ്ടാനന്ദിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ആഡംബരം എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ബി എം ഡബ്ള്യു Z4 വിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ട് യുസ്‌വേന്ദ്ര ചെഹൽ കുറിച്ചത്.
മൂന്നു വേരിയന്റുകളിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന Z4 ന്റെ ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. തണ്ടർ നൈറ്റ് മെറ്റാലിക് ഫിനിഷാണ് വാഹനത്തിനായി ചാഹൽ തിരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് Z4 നു കരുത്തേകുന്നത്. 340 ബി എച്ച് പി പവറും 500 എൻ എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടതിന്. 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സുകളാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കും.
















