തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ, വീഴ്ചകൾ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമുള്ള നിർണ്ണായകമായ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. രണ്ട് ദിവസം നീളുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ അവലോകനം നടക്കും.
അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായുള്ള വിശദമായ ചർച്ചകൾ രണ്ട് ദിവസമായി നടക്കുന്ന യോഗത്തിൽ ഉണ്ടാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാന തലത്തിൽ ഇല്ലെങ്കിലും പ്രാദേശികമായി തിരിച്ചടിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായത്.
ശബരിമല വിവാദത്തിലും പാർട്ടി നേതാക്കൾക്കെതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിലും സംഘടനാപരമായ പോരായ്മ ഇല്ല. പക്ഷെ ഇക്കാര്യം എതിരാളികൾ ആയുധമാക്കിയപ്പോൾ പ്രതിരോധിക്കാനായില്ലെന്നാണ് വിലയിരുത്തൽ.
സംഘനാതലത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും. കേന്ദ്ര വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തും. പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ ഇടത് മുന്നണി യോഗവും ഇന്ന് ചേരുന്നുണ്ട്.















