തിരുവന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം. കോർപ്പറേഷനിലേക്ക് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജി പി ആർ ശ്രീ ലേഖ തൻറെ ഓഫീസ് സജ്ജമാക്കാൻ അനുയോജ്യമായ സ്ഥലം തിരയുകയാണ്. ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയുടെ ശ്രദ്ധയിൽപ്പെട്ടത് ശാസ്തമംഗലത്ത് തന്നെയുള്ള കോർപ്പറേഷൻ കെട്ടിടമായിരുന്നു.
എന്നാൽ ഇവിടെ വട്ടിയൂർക്കാവ് എം എൽ എ വി കെ. പ്രശാന്തിൻറെ ഓഫീസ് പ്രവർത്തിക്കുകയാണ്. ഉടനെ ഓഫീസ് ഒഴിയണമെന്നും തനിക്ക് അവിടെ ഓഫീസ് സജ്ജമാക്കാനുണ്ടെന്നും ആർ ശ്രീലേഖ ഫോൺ വഴി വി കെ പ്രശാന്തിനെ അറിയിക്കുകയായിരുന്നു.
ആര്യാ രാജേന്ദ്രൻ മേയറായ പഴയ കൗൺസിലിൻറെ തീരുമാനപ്രകാരമായിരുന്നു കോർപ്പറേഷൻ കെട്ടിടം വി കെ പ്രശാന്ത് എം എൽ എയുടെ ഓഫീസായി പ്രവർത്തിക്കാൻ അനുവദിച്ചത്. കോർപ്പറേഷൻറെ കെട്ടിടം തൻറെ ഓഫീസായി പ്രവൃത്തിപ്പിക്കാൻ വിട്ടു കിട്ടണമെന്ന ആവശ്യം ഇന്നലെയാണ് ആർ ശ്രീലേഖ ഫോൺ വഴി എം എൽ വി കെ പ്രശാന്തിനെ അറിയിച്ചത്. എന്നാൽ ഒഴിയാനാവില്ലെന്ന് എം എൽ എ നിലപാടെടുത്തതായാണ് അറിയുന്നത്.
നിലവിലുള്ള വാടകക്കരാർ തീരാതെ മാറാനാവില്ലെന്ന് പ്രശാന്ത് ശ്രീലേഖയെ അറിയിച്ചതായാണ് വിവരം. വർഷങ്ങളായി എം എൽ എ ഓഫീസ് പ്രവർത്തിച്ചു വരുന്നത് കോർപ്പറേഷൻ കെട്ടിടത്തിലാണെന്നും ഇങ്ങനെ പൊടുന്നനെ ഓഫീസ് മാറുന്നത് പല ആവശ്യങ്ങൾക്കായി തന്നെ കാണാനെത്തുന്ന ജനങ്ങൾക്ക് ബുദ്ധി മുട്ടാകുമെന്നുമാണ് വി കെ പ്രശാന്തിൻറെ വാദം. നിലവിലുള്ള വാടകക്കരാർ അനുസരിച്ച് 2026 മാർച്ച് 31 വരെയാണ് വി കെ പ്രശാന്ത് എം എൽ എക്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കൗൺസിൽ മറിച്ചൊരു തീരുമാനമെടുത്താൽ എംഎൽഎക്ക് വഴങ്ങേണ്ടി വന്നേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അതേസമയം മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് എം എൽ എക്ക് കോർപ്പറേഷൻ ചട്ടങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിട്ടും കെട്ടിടം വിട്ടു കൊടുക്കാൻ തയ്യാറാവാത്തത് ആവശ്യമില്ലാതെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.
















