കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറമാറ്റമുണ്ടാകുമെന്നും അൻപത് ശതമാനം സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വി ഡി സതീശൻ പറഞ്ഞത്.
50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു.
യുവാക്കളും പ്രമുഖരുമായ നിരവധി നേതാക്കൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ട്. അൻപതു ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ തലമുറമാറ്റമുണ്ടാകും. വലിയ മാറ്റങ്ങൾ ആവശ്യം വരുന്നില്ലാത്തതിനാൽ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും. സിപിഎമ്മിൽനിന്ന് വ്യത്യസ്തമായി, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്, സതീശൻ പറഞ്ഞു.
അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ വ്യക്തമാക്കുന്നു.
നാലുകൊല്ലം മുൻപ് രാജസ്ഥാനിലെ ഉദയ്പുരിൽ കോൺഗ്രസ് ഒരു പഠനശിബിരം നടത്തിയിരുന്നു. പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കുമായി നീക്കിവെക്കണമെന്ന് ഒരു തീരുമാനം അന്ന് കൈക്കൊണ്ടിരുന്നു. എന്നാൽ, ഇതുവരെ അത് പാലിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ കോൺഗ്രസ് അത് പാലിക്കാനൊരുങ്ങുന്നു എന്ന സൂചനയാണ് സതീശൻ നൽകുന്നത്.
















