തൃശൂർ വിയൂരിൽ പൊലീസ് ആളുമാറി കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് നേരെ പോലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കുറ്റൂർ ചാമക്കാട് പുതുകുളങ്ങരയിൽ പി.എസ്.ശരത്തിന് (31) ആണു വിയ്യൂർ സ്റ്റേഷനിലെ പൊലീസ് സംഘത്തിന്റെ മർദനമേറ്റത്. ശരത്തിന്റെ ദേഹമാസകലം മർദനത്തിന്റെ പാടുകളുണ്ട്.
നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടി നടന്നിരുന്നു. പോലീസുകാർ ആ കേസിൽ ശരത് എന്നു പേരുള്ളയാളെ തിരയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30നു ശരത്തിന്റെ സഹോദരൻ രാജീവിന്റെ വീട്ടിലേക്ക് കയറി ശരത്തിനെ തലങ്ങും വിലങ്ങും മർദിക്കുകയും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിക്കുകയും ചെയ്തു. കൂടാതെ ഉന്തിത്തള്ളി ജീപ്പിൽ കയറ്റിയപ്പോൾ തലയിടിച്ചും പരുക്കേറ്റു.
കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു പോലീസ് മർദിച്ചത്. ഉത്സവം കാണാൻ പോയിട്ടില്ലെന്നു ശരത് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.
ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്നു പിന്നീടു മനസ്സിലാക്കി രാത്രി ഒന്നരയോടെ സ്റ്റേഷനിൽ നിന്നു മോചിപ്പിച്ചു. പരുക്കുകൾ ഉള്ളതിനാൽ പൊലീസ് തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാൽ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിന്റെ ഭാഗത്തു ലാത്തി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കു മങ്ങലുണ്ടായെന്നും ശരത് പറയുന്നു. ബന്ധുക്കൾ കമ്മിഷണർക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, വിശേഷ ദിവസങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
















