തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന ആവശ്യത്തിൽ ഇടതുമുന്നണി യോഗത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
ദേശീയ നേതൃത്വം ഉൾപ്പെടെ പദവിയിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേ നിലപാട് മുന്നണി യോഗത്തിലും സിപിഐ ആവർത്തിക്കണമെന്ന ആവശ്യം സെക്രട്ടറിയേറ്റിലും ഉയരനാണ് സാധ്യത. ഉപനേതൃപദവി നൽകിയില്ലെങ്കിൽ നിയമസഭയിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടെന്ന കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായം സിപിഐക്കുള്ളിൽ ഉണ്ട്.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്നും കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുതെന്നും ബിനോയ് പറഞ്ഞിരുന്നു.
















