ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദിണ്ഡിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണൻ, ബാലമുരുകൻ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ ഡി. മണി ഉപയോഗിച്ചിരുന്നതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി വഴി ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളകടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും.
ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് മണി ചെയ്തത്.
ശബരിമല ഉൾപ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികൾ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലോടെ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസിൽ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.
















