ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ മൊഴി നൽകി.
2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്നു സി.പി.എം നേതാവായ വിജയകുമാർ. ‘സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു’ എന്നാണ് വിജയകുമാറിന്റെ മൊഴി. സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞപ്പോൾ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു.
തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം. സഖാവ് പറഞ്ഞുകൊണ്ട് ഒപ്പിടുകയായിരുന്നു. സ്വർണപ്പാളി പുതുക്കുന്ന കാര്യം അദ്ദേഹം ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിടുകയായിരുന്നു. ഇനിയും പുറത്തുനിന്നാൽ സർക്കാരിന് നാണക്കേടാകും എന്നതുകൊണ്ടാണ് കീഴടങ്ങിയത്’- എന്നാണ് വിജയകുമാർ എസ്‌ഐടിക്ക് നൽകിയ മൊഴി.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വിജയകുമാർ വീഴ്‌ച വരുത്തിയെന്നാണ് എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു. ഇങ്ങനെ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ 12-ാം പ്രതിയാണ് വിജയകുമാർ. പത്മകുമാറിനെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം വിജയകുമാറിനെതിരെയുമുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ വിജയകുമാർ ഒളിവിൽപോയിരുന്നു. വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരക്കി എത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും കീഴടങ്ങാൻ നിർബന്ധിച്ചു. തുടർന്ന് ഇന്നലെ ഉച്ചയോടെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പുരാവസ്തു കച്ചവട കടത്ത് സംഘം എന്ന് സംശയിക്കുന്ന ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 ന് തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഡി മണി എന്നറിയപ്പെടുന്ന എം.സുബ്രഹ്മണ്യം അറിയിച്ചു.
ഡി മണിയും കേരളത്തിലെ ഉന്നതനും ചേർന്ന് ശബരിമലയിലെ 3 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ ഡി മണിയെ ഡിണ്ടിഗലിൽ എത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങൾ നൽകി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് നോട്ടിസ് നൽകി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുന്നത്.
















