പ്രണയം” എന്ന വാക്കിന് ഇന്ന് ചിലപ്പോൾ ഏറ്റവും ഭീകരമായ അർത്ഥം നൽകുന്നത് “മരണം” എന്ന പദമാകാം. പ്രണയിച്ച് പിരിഞ്ഞാൽ കൊലപാതകം, ഇഷ്ടം നിരസിച്ചാൽ കൊലപാതകം – പ്രണയത്തിന്റെ പേരിൽ ഒരുപാട് ജീവിതങ്ങൾ നമ്മുടെ നാട്ടിൽ കുരുതി കൊടുക്കപ്പെടുന്നു.
പ്രണയിക്കുന്നവരെല്ലാം ഒന്നിക്കണമെന്നില്ല എന്ന അടിസ്ഥാന സത്യം ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ദുഃഖകരമായ യാഥാർത്ഥ്യം. അല്ലെങ്കിൽ, മറ്റൊരാളെ കള്ളം പറഞ്ഞ് പറ്റിച്ചോ, അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെയോ മുന്നോട്ട് പോകുമ്പോൾ, തകർന്നുപോകുന്ന ഒരു ഹൃദയത്തിന്റെ പ്രതികരണത്തെക്കുറിച്ചും ആരും ഓർക്കാറില്ല.
പ്രണയത്തിന്റെ പേരിലുള്ള പകയും, ഇഷ്ടം നിരസിച്ചതിനെ തുടർന്നുള്ള കൊലപാതകങ്ങളും നമുക്ക് ചുറ്റും തുടർക്കഥയാവുകയാണ്. ചെന്നൈയിൽ സംഭവിച്ചതും അതുപോലൊരു ദുരന്തമായിരുന്നു. തന്നെ വേണ്ടെന്ന് പറഞ്ഞ പെൺകുട്ടിയെ, അവളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഇല്ലാതാക്കിയ കൊടുംക്രൂരത. ജനിച്ച ദിവസവും മരിച്ച ദിവസവും ഒന്നായി മാറിയ ആ പെൺകുട്ടിയുടെ വിധി നമ്മെ ഓരോരുത്തരെയും വേദനിപ്പിക്കുന്നു.
2017 മാർച്ച് 31. ചെന്നൈ നഗരം. ഐ.ടി. കമ്പനിയിലെ യുവതിയായ ജെന്നിഫർ പുഷ്പയുടെ 22-ാം പിറന്നാളായിരുന്നു അന്നേ ദിവസം. വൈകുന്നേരം വലിയൊരു കേക്ക് മുറിക്കാനും കൂട്ടുകാരുമായി ആഘോഷിക്കാനുമായി ഒരുങ്ങി നിന്ന വീട്. കുട്ടുകാരെ കണ്ടിട്ട് പെട്ടന്ന് വരാമെന്ന് പറഞ്ഞു പോയ മകൾ ഏറെ താമസിച്ചിട്ടും എത്തിയില്ല.
പകൽ മുതൽ കാണാതായ മകളെക്കുറിച്ചുള്ള ആധിയുമായി മാതാപിതാക്കൾ ഓടിക്കയറിയത് കൊട്ടിവാക്കം പോലീസ് സ്റ്റേഷന്റെ പടിവാതിൽക്കലേക്കാണ്. വിളിക്കുമ്പോഴെല്ലാം ‘സ്വിച്ച് ഓഫ്’ എന്ന മറുപടി നൽകിയിരുന്ന ഫോൺ, ആ മാതാപിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചു.
പോലീസിന്റെ അന്വേഷണം പെട്ടെന്നായിരുന്നു. ജെന്നിഫറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് അവർക്ക് നിർണ്ണായകമായ ഒരു സൂചന ലഭിച്ചു. ചെന്നൈ നഗരത്തിൽ നിന്നകലെ, തികച്ചും വിജനമായ മഹാബലിപുരത്തെ വനമേഖലയിൽ! അവിടേക്ക് ജെന്നിഫറിന് പോകേണ്ട ഒരു സാഹചര്യവുമില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ഒട്ടും സമയം കളയാതെ, ആശങ്കയോടെ വിതുമ്പുന്ന മാതാപിതാക്കളെയും കൂട്ടി പോലീസ് സംഘം ആ കാടിന്റെ നിഗൂഢതകളിലേക്ക് യാത്ര തിരിച്ചു.
കാടിനുള്ളിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, ഒരു ഗുഹയോട് ചേർന്നുള്ള വലിയൊരു മരത്തിൽ അവർ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. ഒരു യുവാവിന്റെ ശരീരം ഷാളിൽ തൂങ്ങിനിൽക്കുന്നു. പോലീസുകാർ ആ ശരീരം താഴെയിറക്കി പരിശോധിച്ചപ്പോൾ, പോക്കറ്റിൽ നിന്ന് കണ്ടെത്തിയത് സ്വിച്ച് ഓഫ് ചെയ്ത രണ്ട് മൊബൈൽ ഫോണുകൾ. അതിലൊന്ന് കാണാതായ ജെന്നിഫറിന്റേതായിരുന്നു. ആത്മഹത്യ ചെയ്ത ആ യുവാവ്, ജെന്നിഫറിന്റെ പഴയ കാമുകൻ ജോൺ മാത്യു ആയിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ തൊട്ടടുത്തുള്ള ഗുഹയ്ക്കുള്ളിൽ നിന്ന് ഹൃദയഭേദകമായ മറ്റൊരു കാഴ്ച പോലീസ് കണ്ടെത്തി. പിറന്നാൾ ദിനത്തിൽ പുത്തനുടുപ്പണിഞ്ഞ് സന്തോഷിക്കേണ്ട ജെന്നിഫർ, തലയിൽ ഗുരുതരമായ മുറിവേറ്റ് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നു. അവളുടെ കണ്ണുകൾ ഒരു തൂവാല കൊണ്ട് കെട്ടിയിരുന്നു. അടുത്തുതന്നെ രക്തം പുരണ്ട ഒരു ചുറ്റികയും, അവൾക്കായി കൊണ്ടുവന്ന ഒരു ഗിഫ്റ്റ് ബോക്സും ചിതറിക്കിടപ്പുണ്ടായിരുന്നു. ഒരു പ്രണയപ്പകയുടെ ദുരന്തപൂർണ്ണമായ അന്ത്യം.
സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്ന ജോൺ മാത്യുവും ജെന്നിഫറും. അവർ തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. എന്നാൽ കാലം അവർക്കിടയിൽ വലിയൊരു വിടവ് സൃഷ്ടിച്ചു. ബിരുദധാരിയായിട്ടും ജോൺ മാത്യു ഒരു തയ്യൽക്കടയിൽ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുമ്പോൾ, ജെന്നിഫർ മികച്ച ശമ്പളത്തിൽ ഒരു എം.എൻ.സി. കമ്പനിയിൽ ജോലി നേടി. മകളുടെ ഭാവിയെക്കുറിച്ചുള്ള പിതാവിന്റെ ആശങ്കയും ജോണിന്റെ സാമ്പത്തിക അന്തരം മൂലമുള്ള ബുദ്ധിമുട്ടുകളും ജെന്നിഫറിനെ ആ ബന്ധത്തിൽ നിന്ന് അകറ്റി.
അച്ഛന്റെ ഉപദേശം ശരിയാണെന്ന് തോന്നിയ ജെന്നിഫർ, ജോണിൽ നിന്ന് മെല്ലെ അകലാൻ തുടങ്ങി. പ്രണയം അവസാനിപ്പിക്കാനുള്ള അവളുടെ തീരുമാനം ജോണിന് ഉൾക്കൊള്ളാനായില്ല. താൻ അതിതീവ്രമായി പ്രണയിച്ചവൾ അകന്നുപോകുന്നത് അവനിൽ കടുത്ത നിരാശയും പകയും നിറച്ചു.
പിരിഞ്ഞാലും അവസാനമായി തന്റെ വക ഒരു പിറന്നാൾ സമ്മാനം സ്വീകരിക്കണമെന്നും, ഒരു സർപ്രൈസ് നൽകാനുണ്ടെന്നും ജോൺ ജെന്നിഫറിനോട് വാശിപിടിച്ചു. അങ്ങനെയാണ് ജെന്നിഫർ മഹാബലിപുരത്തെ ആ കാട്ടിലേക്ക് എത്തിച്ചേർന്നത്. സമ്മാനം നൽകാനെന്ന വ്യാജേന ജോൺ അവളുടെ കണ്ണുകൾ ഷാൾ കൊണ്ട് കെട്ടി ഗുഹയ്ക്കുള്ളിലേക്ക് നയിച്ചു.
സമ്മാനം പ്രതീക്ഷിച്ച് നിന്ന അവളുടെ തലയിലേക്ക്, കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് അവൻ ആഞ്ഞടിച്ചു. മരണം ഉറപ്പാക്കിയ ശേഷം, ആ കുറ്റബോധം താങ്ങാനാവാതെ ജോൺ മാത്യുവും തൊട്ടടുത്ത മരത്തിൽ ജീവനൊടുക്കി.
ജോണിന്റെ ഫോണിൽനിന്ന് പോലീസ് കണ്ടെടുത്ത വോയിസ് റെക്കോർഡിംഗിൽ ഒരു പ്രണയത്തിന്റെ ദാരുണമായ അന്ത്യം രേഖപ്പെടുത്തിയിരുന്നു. “എനിക്ക് നിന്നെ ലഭിക്കില്ലെങ്കിൽ മറ്റാർക്കും ലഭിക്കരുത്” എന്ന പ്രണയപ്പകയുടെ ഭീകരമായ വെളിപ്പെടുത്തൽ. ‘നോ’ എന്ന വാക്ക് കേൾക്കാൻ കഴിയാത്ത, നിരാശയെ നേരിടാൻ കഴിയാത്ത ഒരു മനസ്സ് വരുത്തിവെച്ച ഈ ദുരന്തം, രണ്ട് കുടുംബങ്ങളുടെയും സ്വപ്നങ്ങളാണ് ആ കാട്ടിലെ ഗുഹയിൽ അവസാനിപ്പിച്ചത്. ഈ സംഭവം, ഇനിയെങ്കിലും നമ്മുടെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
















