തിരുവനന്തപുരം നെയ്യാറ്റിൻകര നഗരത്തിൽ മൊബൈൽ കട നടത്തുന്നയാളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വ്ളാങ്ങാമുറി, ചമ്പയിൽ റോഡ് വി.എം. നിവാസിൽ ദിലീപ് കുമാറിനെ (47) യാണ് അമരവിളയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് ദിലീപ് കുമാർ ജീവനൊടുക്കിയത്. പിറ്റേ ദിവസം രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്.
ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലാണ് ദിലീപ് കുമാർ മൊബൈൽ കട നടത്തിയിരുന്നത്. പോലീസ് കടയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയും വാർഡ് കൗൺസിലർ തന്നെ മാനസികമായി പീഡിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് എഴുതിയിരിക്കുന്നത്.
ദിലീപ് കുമാറിന് സാമ്പത്തികബാധ്യതയുണ്ടായിരുന്നു. ഈ വിഷയത്തിൽ ആണ് വാർഡ് കൗൺസിലർ, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കൗൺസിലർക്കെതിരേ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അസ്വാഭാവികമരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പോലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചു.
















