പാലക്കാട് തേനാരി ഒകരംപള്ളത്തു ഗുണ്ടാ സംഘങ്ങൾ യുവാവിനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിലിട്ട് ഒരു സംഘം ക്രൂരമായി മർദിച്ചത്.
സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളും ഒട്ടേറെ കേസുകളിൽ പ്രതികളുമായ ഒകരപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് (38) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 17നായിരുന്നു സംഭവം. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ കൊല്ലപ്പെട്ട രാത്രിയാണു സമാന രീതിയിൽ വിപിനു നേരെയും ആക്രമണമുണ്ടായത്. ഒരു സംഘം ആദ്യം ബലമായി പിടിച്ച് കയ്യും കാലും തോർത്ത് ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിലെ വൈദ്യുത പോസ്റ്റിൽ വിപിനെ കെട്ടിയിട്ടു വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
പലിശയ്ക്കു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റ വിപിൻ ഗുണ്ടാ സംഘത്തിന്റെ ഭീഷണി ഭയന്നു പൊലീസിൽ പരാതി നൽകാനോ ആശുപത്രിയിൽ ചികിത്സ തേടാനോ തയാറായില്ലായിരുന്നു.
എന്നാൽ വിപിനെ ഉപദ്രവിക്കുന്ന വീഡിയോ കഴിഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതു ശ്രദ്ധയിൽപെട്ടതോടെ സ്വമേധയാ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ വിപിൻ പരാതി നൽകി. തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
















