വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതിയായി. അടൂർ പ്രകാശ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി അനുമതി നൽകിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു. എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇന്നത്തെ മീറ്റിങ്ങിലാണ് തീരുമാനമായത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ് എം.പി പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക് എത്തുന്നത് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തിൽ നിർണ്ണായക കുതിപ്പാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.ഔട്ടർ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. പതിനൊന്ന് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്.
റോഡിനായി ഭൂമി വിട്ടു നല്‍കുന്ന ഭൂഉടമകളുടെ നഷ്ടപരിഹാരത്തിനും ഇതോടെ വഴി തെളിയുകയാണ്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി പാതയാണ് പദ്ധതിയില്‍ നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ദേശീയപാത ശൃംഖല, വ്യവസായലോജിസ്റ്റിക്‌സ് മേഖലകള്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. 8004.72 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി. 24 വില്ലേജുകളില്‍ക്കൂടിയാണ് ഔട്ടര്‍ റിങ് റോഡ് കടന്നുപോകുന്നത്. ഔട്ടര്‍ റിങ് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന വിഹിതമായ 3200 കോടി രൂപ അനുവദിച്ചിരുന്നു. 11 വില്ലേജുകളിലായി ഇതുവരെ 100 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇനി 13 വില്ലേജുകളില്‍നിന്ന് ഏകദേശം 200 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
Story Highlights : vizhinjam navaikulam outer ring road project
















