മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ വിടവാങ്ങിയിരിക്കുന്നു. 90 വയസ്സായിരുന്നു അവർക്ക്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.
വാർത്ത കേട്ട് മലയാള സിനിമാ ലോകവും ആരാധകരും അതീവ ദുഃഖത്തിലാണ്. ഒരു യുഗത്തിന്റെ വാത്സല്യം നിറഞ്ഞൊഴുകിയ ആ അമ്മയെ തങ്ങൾക്ക് കൂടി പ്രിയപ്പെട്ടവളായി കണ്ടിരുന്ന മലയാളികൾക്ക് ഇത് തീരാനഷ്ടമാണ്. ബുധനാഴ്ചയാണ് ശാന്തകുമാരി അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്.
1935-ൽ ജനിച്ച ശാന്തകുമാരി അമ്മ, സാധാരണക്കാരിയായ ഒരു വീട്ടമ്മയായി ജീവിതം ആരംഭിച്ചു. ഭർത്താവ് വിശ്വനാഥൻ നായർക്കൊപ്പം കുടുംബത്തിന് വേണ്ടി ജീവിച്ചു. മകനായ മോഹൻലാൽ വെള്ളിത്തിരയിൽ താരമായി വളർന്നപ്പോഴും അവർ തന്റെ ലാളിത്യവും ശാന്തതയും കൈവിട്ടില്ല.
മോഹൻലാലിന്റെ അച്ഛനും സഹോദരൻ പ്യാരിലാലും അന്തരിച്ച ശേഷം, ശാന്തകുമാരി അമ്മ മോഹൻലാലിനൊപ്പമായിരുന്നു താമസം. ലോകം അറിയുന്ന ഒരു സൂപ്പർ താരത്തിന്റെ അമ്മയായിരിക്കുമ്പോഴും, പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാതെ, മകനും കുടുംബത്തിനും കരുതലായി അവർ ജീവിച്ചു.
മലയാള സിനിമയിൽ ‘അമ്മ’ എന്ന വാക്കിന് കെപിഎസി ലളിതയുടെയും കവിയൂർ പൊന്നമ്മയുടെയുമൊക്കെ മുഖങ്ങൾ നൽകിയ മോഹൻലാൽ, യഥാർത്ഥ ജീവിതത്തിലും അമ്മയെ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന മകനായിരുന്നു. ജീവിതത്തിലെ ഏത് വലിയ സന്തോഷ നിമിഷങ്ങളിലും, അമ്മയെ ചേർത്തുപിടിക്കാൻ മോഹൻലാൽ സമയം കണ്ടെത്തി.
ഏറ്റവും ഒടുവിൽ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ പോലും അദ്ദേഹം പതിവ് തെറ്റിക്കാതെ അമ്മയുടെ അനുഗ്രഹം തേടിയെത്തി. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പുകളും അദ്ദേഹം പങ്കുവെച്ചിരുന്നത് ആരാധകർക്ക് പ്രിയപ്പെട്ട കാഴ്ചകളായിരുന്നു. കുസൃതി കാട്ടിച്ചിരിക്കുന്ന, മടിയിൽ തലവച്ചു കിടന്ന് വർത്തമാനം പറയുന്ന ആ മകനെ കണ്ടപ്പോൾ മലയാള സിനിമകൾ കാണുന്ന ഏതമ്മയ്ക്കും മോഹൻലാലിനെപ്പോലെ ഒരു മകനെ ആഗ്രഹിച്ചു പോയിരുന്നു.
ശാന്തകുമാരി അമ്മ എന്ന പേര്, കേവലം ഒരു നടന്റെ അമ്മ എന്നതിലുപരി, മലയാളികളുടെ മനസ്സിൽ സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും പ്രതീകമായി മാറിയത് മോഹൻലാലുമായുള്ള ആഴമേറിയ ബന്ധത്തിലൂടെയാണ്. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വാക്കുകളിൽ ഒതുക്കുന്ന മോഹൻലാലിന് പോലും അമ്മ ഒരു ബലമായിരുന്നു.
തന്റെ അമ്മയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന മകന്റെ ചിത്രം, മലയാളികൾക്ക് എന്നും ഒരു നല്ല ഓർമ്മയായിരിക്കും. ശാന്തകുമാരി അമ്മയുടെ വിയോഗം മോഹൻലാലിനെ സംബന്ധിച്ച് തീരാനഷ്ടമാണ്. എങ്കിലും, സ്നേഹക്കൽക്കണ്ടം പോലെ മധുരിക്കുന്ന ഓർമ്മകളായി ആ വാത്സല്യം മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും.
















