കന്നട സൂപ്പർസ്റ്റാർ യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിരക്കുന്നത്. ഇപ്പോഴിതാ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ‘ഗംഗ’ എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്.
Introducing Nayanthara as GANGA in – A Toxic Fairy Tale For Grown-Ups #TOXIC #TOXICTheMovie @TheNameIsYash
@advani_kiara @humasqureshi @RaviBasrur #TPAbid #KunalSharma #SandeepSharma #JJPerry @anbariv @KVNProductions #MonsterMindCreations @Toxic_themovie pic.twitter.com/wTpsPA6DYD— Geethu Mohandas (@GeethuMohandas_) December 31, 2025
പുതുവത്സര സമ്മാനമായി ചിത്രത്തിലെ നായകൻ യഷ് തന്നെയാണ് നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. എന്നാൽ പോസ്റ്ററിനേക്കാളും ഉപരി, നയൻതാരയെക്കുറിച്ച് ഗീതു മോഹൻദാസ് എഴുതിയ വൈകാരികമായ കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
വെറുമൊരു അഭിനയത്തിനപ്പുറം നയൻതാരയുടെ വ്യക്തിത്വവും തന്റെ കഥാപാത്രത്തിന്റെ ആത്മാവും തമ്മിലുള്ള അപൂർവമായ ഒത്തുചേരലിനെക്കുറിച്ചാണ് ഗീതു മനസ്സ് തുറന്നത്. ഇതുവരെ ആരും കാണാത്ത, സ്ഫോടനാത്മകമായ അഭിനയമികവുള്ള ഒരു നയൻതാരയെയാകും ടോക്സിക്കിലൂടെ പ്രേക്ഷകർക്ക് ലഭിക്കുകയെന്നും ഗീതു കുറിച്ചു. കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവർക്ക് പിന്നാലെ നയൻതാരയും എത്തുന്നതോടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
‘‘രണ്ട് പതിറ്റാണ്ടുകളായി വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന, ആരാധകർ നെഞ്ചേറ്റിയ സൂപ്പർതാരമാണ് നയൻ എന്ന് നമുക്കറിയാം. എന്നാൽ ‘ടോക്സിക്കിൽ’ ഇത്രയും കാലം ഉള്ളിൽ ഒളിപ്പിച്ചുവെച്ച, സ്ഫോടനാത്മകമായ ഒരു പ്രതിഭയെയാകും പ്രേക്ഷകർ കാണാൻ പോകുന്നത്. ഇതുവരെ ആരും കാണാത്ത മറ്റൊരു നയൻതാരയെ അവതരിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ചിത്രീകരണം മുന്നോട്ട് പോകെ, നയന്റെ വ്യക്തിത്വം ആ കഥാപാത്രത്തിന്റെ ആത്മാവുമായി എത്രത്തോളം അലിഞ്ഞുചേർന്നിരിക്കുന്നു എന്ന് ഞാൻ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. അത് വെറുമൊരു അഭിനയമായിരുന്നില്ല, മറിച്ച് ആ കഥാപാത്രമായി നയൻ മാറുകയായിരുന്നു. അവർ ആ കഥാപാത്രത്തിന് നൽകിയ ആഴവും സത്യസന്ധതയും വൈകാരികമായ തെളിച്ചവുമെല്ലാം പുറമെ നിന്ന് കെട്ടിയാടിയതല്ല, മറിച്ച് അവരുടെയുള്ളിൽ തന്നെയുള്ള നന്മകളായിരുന്നു.
അങ്ങനെ നയൻതാരയിലൂടെ അത്രമേൽ മനോഹരമായി ആവിഷ്കരിക്കപ്പെട്ട എന്റെ ഗംഗയെ എനിക്ക് ലഭിച്ചു. അതിലുപരി ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തിനെയും കിട്ടി. ഐ ലവ് യു നയൻതാര.’’ ഗീതു മോഹൻദാസ് കുറിച്ചു.
മലയാളത്തിന്റെ സ്വന്തം സംവിധായിക ഗീതു മോഹൻദാസും കന്നഡ സൂപ്പർതാരം യഷും ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമയിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ കരുത്തുറ്റ താരനിര അണിനിരക്കുന്നത് ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. വെറുമൊരു മാസ് പടം എന്നതിലുപരി മികച്ച പ്രകടനങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും മുൻഗണന നൽകുന്ന ഒരു ‘ഫെയറി ടെയിൽ’ ആയിരിക്കും ‘ടോക്സിക്’ എന്ന് അണിയറപ്രവർത്തകർ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നു. 2026 മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ, ഇന്ത്യൻ ബോക്സ് ഓഫിസിൽ ‘ടോക്സിക്’ വലിയ തരംഗങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി നിർവഹിക്കുന്നത്. പിആർഓ: പ്രതീഷ് ശേഖർ.
















