തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച വണ്ടികള്‍ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോയിട്ടില്ല. വണ്ടികളെല്ലാം തിരുവനന്തപുരത്ത് തന്നെയാണ് ഓടുന്നത്. 113 ബസുകളില്‍ മൂന്നോ നാലോ ബസുകള്‍ മാത്രമാണ് നഗരപരിധിക്ക് പുറത്തേക്ക് പോകുന്നത്. ബസുകള്‍ വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം 113 ബസുകളും തിരിച്ചു നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
ബസുകള്‍ കോര്‍പ്പറേഷന് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കൊണ്ടിടാം, ഓടിക്കാം. എന്നാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇടാന്‍ അനുവദിക്കില്ല. ഈ ബസ് നല്‍കിയാല്‍ സര്‍ക്കാര്‍ പകരം 150 പുതിയ ബസുകള്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. എന്തായാലും, നെടുമങ്ങാട് താമസിക്കുന്നവരേയും ആറ്റിങ്ങല്‍ താമസിക്കുന്നവരേയും നെയ്യാറ്റിന്‍കര താമസിക്കുന്നവരേയും പോത്തന്‍കോട് താമസിക്കുന്നവരേയും വണ്ടിയില്‍ കേറ്റാന്‍ പാടില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അങ്ങനെ പറയുകയുമില്ല. മന്ത്രി വ്യക്തമാക്കി.
















