ലേല കുടിശ്ശിക വരുത്തിയവരിൽനിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി ഗുരുവായൂർ ദേവസ്വം ഭരണസമിതി. ദേവസ്വം ബോർഡുകളിൽ ഹൈക്കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്.
ലേല കുടിശ്ശിക വരുത്തിയവരിൽനിന്ന് പലിശ സഹിതം പണം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ആറ് മാസത്തിൽ ഒരിക്കൽ അതായത് ജനുവരി, ജൂലൈ മാസങ്ങളിൽ ഒരിക്കൽ റിപ്പോർട്ട് ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കുടിശ്ശിക തിരിച്ച് പിടിക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും എന്നാൽ അവ ആറ് മാസത്തിൽ ഒരിക്കൽ കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട്.
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കുമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാൽ നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മാത്രമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
















