ഉത്തർപ്രദേശിൽ എസ്‌ഐആറിനായി രേഖകളെടുക്കാൻ കുടുംബം മരിച്ചെന്ന് കരുതിയ വ്യക്തി 28 വർഷങ്ങൾക്കു ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. മുസാഫർനഗർ സ്വദേശിയായ ഷെരീഫാണ് ഖതൗലിയിലെ മൊഹല്ല ബൽക്കറാമിലെ വീട്ടിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയത്.
ഷെരീഫിന്റെ ആദ്യ ഭാര്യ 1997-ൽ മരിച്ചിരുന്നു. ഇവരുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. കല്യാണത്തിന് ശേഷം ഇരുവരും ഉത്തർപ്രദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് താമസം മാറി. കുറച്ചുകാലം വീട്ടുകാരെ വിളിക്കുമായിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം ഷെരീഫിന്റെ വിളി നിലച്ചു.
ഭയന്ന വീട്ടുകാർ ഷെരീഫ് തന്ന വിലാസത്തിൽ പശ്ചിമബംഗാളിൽ പോയി അന്വേഷിച്ചേക്കിലും കണ്ടെത്താനായില്ല. ഖരഗ്പുർ, അസൻസോൾ എന്നിവയുൾപ്പെടെ പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ ഏകദേശം 15 മുതൽ 20 വർഷത്തോളം കുടുംബം ഷെരീഫിനെ തിരഞ്ഞ് നടന്നു എന്നാണ് അനന്തരവൻ മുഹമ്മദ് അക്ലിം പറയുന്നത്. ഇതോടെ കണ്ടുകിട്ടാതായപ്പോഴേക്കും കുടുംബം ഇയാൾ മരിച്ചെന്നു കരുതി ജീവിച്ചു.
ഒടുവിൽ 28 വർഷങ്ങൾക്ക് ശേഷം എസ്‌ഐആറിനായി രേഖകളെടുക്കാൻ ഷെരീഫ് തിരികെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മരിച്ചെന്നുകരുതിയ ഷെരീഫ് തിരിച്ചെത്തിയതു കണ്ട് ബന്ധുക്കളും നാട്ടുകാരും അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. എസ്‌ഐആറിന് ആവശ്യമായ രേഖകൾ ശേഖരിച്ച് ബന്ധുക്കളെ കണ്ട ശേഷം, ഷെരീഫ് ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങുകയും ചെയ്തു.
















