അലബാമയിലെ ഷെല്‍ബി കൗണ്ടിയിലുള്ള പെലം സിറ്റിയിലെ ആ വീട്ടില്‍ നടന്ന നാല് പേരുടെ കൊലപാതകത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആ രാത്രിയില്‍ നടന്ന സംഭവങ്ങള്‍ പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നപ്പോള്‍ കേട്ടവരെല്ലാം നടുങ്ങിപ്പോയി. സ്വന്തം ചോരിയില്‍ പിറന്ന മകന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ. സ്വന്തം അച്ഛനെ, വളര്‍ത്തമ്മയെ, രണ്ടു കുഞ്ഞു സഹോദരിമാരെ. പിശാചിന്റെ മനസ്സും, മനുഷ്യന്റെ ശരീരവുമായി ജീവിച്ച മകനെ ആ അച്ഛന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി. 1997 മാര്‍ച്ച് 22നായിരുന്നു സംഭവം. പതിവില്ലാത്തവിധം നിശബ്ദമായിരുന്നു അന്ന് ആ വീട്. പുറമെ ശാന്തമെന്ന് തോന്നിച്ച ആ വീടിനുള്ളില്‍ നടന്നത് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന നരബലിയായിരുന്നു.
സ്വത്തിനും സ്വന്തം സുഖത്തിനും വേണ്ടി മാത്രമായി തടസ്സം നില്‍ക്കുമെന്ന് കരുതിയവരെ കുരുതികൊടുക്കുകയായിരുന്നു. നാല് ജീവനുകളാണ് അന്നവിടെ ദാരുണമായി പൊലിഞ്ഞത്. മാര്‍ക്ക് ആന്റണി ഡ്യൂക്ക് എന്ന മകന്റെ ആര്‍ത്തിയും, സുഖ ജീവിതവുമാണ് അയാളെ പിശാചാക്കി മാറ്റിയത്. അച്ഛന്‍ റാന്‍ഡി ഡ്യൂക്ക്. റാന്‍ഡി ഡ്യൂക്കിന്റെ രണ്ടാം ഭാര്യ ഡെഡ്ര ഹണ്ട്. സഹോദരിമാരായ ചെല്‍സി, ചെലിസ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുപേരെയും വെടിവെച്ചാണ് കൊന്നിരിക്കുന്നത്. മാത്രമല്ല, വെടിയേറ്റവരില്‍ ആരെങ്കിലും അഥവാ മരിച്ചിട്ടില്ലെങ്കില്‍ കൊല്ലാനായി കത്തികൊണ്ട് കഴുത്തറുത്തും നെഞ്ചില്‍ കുത്തിയും പരിക്കേല്‍പ്പിച്ചിരുന്നു. സഹോദരിമാരുടെ കഴുത്താണ് അറുത്തുമാറ്റി മരണം ഉറപ്പിച്ചത്.
അച്ഛന്റെ കര്‍ക്കശമായ സ്വഭാവവും നിയന്ത്രണങ്ങളും മാര്‍ക്കിനെ അസ്വസ്ഥനാക്കിയിരുന്നു. സമ്പത്തിന്റെ അമിത ധൂര്‍ത്തും, മദ്യപാനവും, ആഡംബര ജീവിതവുമെല്ലാമായി മാര്‍ക്ക് അച്ഛന്‍ റാന്‍ഡി ഡ്യൂക്കിന് എന്നും തലവേദനയായിരുന്നു. മാര്‍ക്കിന്റെ നിലവിട്ട ജീവിതം നേരെയാക്കാന്‍ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ റാന്‍ഡി ഡ്യൂക്ക് മകനെ എഴുതിത്തള്ളി. തന്റെ സമ്പത്തോ സഹായമോ ഇനിയുണ്ടാകില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇതോടെ അച്ഛനും മകനും തമ്മില്‍ നിരന്തരം വഴക്കായി. റാന്‍ഡി ഡ്യൂക്കിന്റെ ആദ്യഭാര്യയിലെ മകനാണ് മാര്‍ക്ക്. രണ്ടാം ഭാര്യ ഡെഡ്ര ഹണ്ടിന്റെതാണ് രണ്ടു പെണ്‍കുട്ടികള്‍. റാന്‍ഡിയുടെ സ്വത്തെല്ലാം ധൂര്‍ത്ത്ടിച്ചു കളയുന്ന മകനോട് ഡെഡ്രക്കും എതിര്‍പ്പായിരുന്നു.
ഇതാണ് മാര്‍ക്കിനെ സഹോദരിമാരോടും വെറുപ്പുളവാക്കാന്‍ കാരണമായത്. അച്ഛനോടുള്ള പകയും സ്വത്ത് മോഹവും മാര്‍ക്കിനെ അന്ധനാക്കി. സ്‌നേഹം വറ്റിയ കണ്ണില്‍ രക്തരക്ഷസിന്റെ രൂപം തെളിഞ്ഞു. അങ്ങനെയാണ് അന്ന് രാത്രി ആ ക്രൂരകൃത്യം അവനെക്കൊണ്ട് പിശാച് ചെയ്യിച്ചത്. അച്ഛന്റെ ട്രക്കും പണവും സ്വന്തമാക്കാനും സ്വതന്ത്രമായി ജീവിക്കാനും മാര്‍ക്ക് ആഗ്രഹിച്ചു. മാര്‍ക്ക് സ്വന്തം കുടുംബത്തെ കൊല്ലാനുള്ള പ്ലാന്‍ തയ്യാറാക്കി. ഒപ്പം തന്റെ അടുത്ത സുഹൃത്തുക്കളെയും കാമുകിയെയും കൂട്ടി. പദ്ധതി പ്രകാരം ഡേവിഡും എലിസണും പുറത്ത് കാവല്‍ നിന്നപ്പോള്‍, മാര്‍ക്കും ബ്രാന്‍ഡനും തോക്കുകളുമായി അകത്തു കയറി. റാന്‍ഡി ഡ്യൂക്കിനെ മാര്‍ക്ക് തന്നെയാണ് വെടിവെച്ചു വീഴ്ത്തിയത്. തുടര്‍ന്ന് ബാത്ത്‌റൂമിലായിരുന്ന ഡെഡ്രയെയും മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞുങ്ങളെയും ബ്രാന്‍ഡന്‍ വെടിവെച്ചു.
വെടിയേറ്റ് വീണവര്‍ മരിച്ചില്ലെങ്കിലോ എന്ന സംശയത്തില്‍, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് മാര്‍ക്ക് എല്ലാവരെയും ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. സ്വന്തം അച്ഛനെയും വളര്‍ത്തമ്മയെയും കുഞ്ഞു സഹോദരിമാരെയും കൊല്ലുമ്പോള്‍ ആ പതിനാറുകാരന്റെ കൈകള്‍ വിറച്ചില്ല. അലബാമ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍, കൊലപാതകങ്ങള്‍ എല്ലാം ചെയ്ത ശേഷം പ്ലാന്‍ പ്രകാരം മാര്‍ക്ക് കഥമെനഞ്ഞു. ആ കഥ പോലീസിനെ വിശ്വസിപ്പിക്കാന്‍ പറയുകയും ചെയ്തു. ആ കഥ ഇങ്ങനെയാണ്. പിറ്റേദിവസം, അതായത് മാര്‍ച്ച് 23ന് രാത്രി ഒന്‍പത് മണിയോടെ പതിനാറുകാരനായ മാര്‍ക്ക് ആന്റണി ഡ്യൂക്ക് തന്റെ സുഹൃത്തുക്കളോടൊപ്പം സിനിമ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. സാധാരണ രാത്രി 11 മണി വരെ അച്ഛന്‍ റാന്‍ഡി ഡ്യൂക്ക് ഉറങ്ങാറില്ല. എന്നാല്‍, അന്നുമാത്രം വീടാകെ ഇരുട്ടില്‍ മൂടിക്കിടക്കുന്നത് കണ്ട് മാര്‍ക്കിന് എന്തോ പന്തികേട് തോന്നി.
മുന്‍വശത്തെ വാതില്‍ അടച്ചിട്ടില്ല എന്നതും അവനെ ഭയപ്പെടുത്തി. ഉള്ളില്‍ നുഴഞ്ഞുകയറിയ ഭയത്തോടെ മാര്‍ക്ക് ലിവിംഗ് റൂമിലേക്ക് കയറി ലൈറ്റിട്ടപ്പോള്‍ കണ്ടകാഴ്ച അവനെ നടുക്കി. തന്റെ അച്ഛന്‍ റാന്‍ഡി ഡ്യൂക്ക് വെടിയേറ്റ്, ചോരയില്‍ കുളിച്ച് അനക്കമില്ലാതെ കിടക്കുന്നു. ഭയന്നുവിറച്ച മാര്‍ക്ക് പുറത്തേക്ക് ഓടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഷെല്‍ബി കൗണ്ടി പോലീസ് സ്ഥലത്തെത്തി. മാര്‍ക്ക് പറഞ്ഞതനുസരിച്ച് അവര്‍ വീടിനുള്ളില്‍ നടത്തിയ പരിശോധന ചെന്നെത്തിയത് കൂടുതല്‍ ഭയാനകമായ കാഴ്ചകളിലേക്കാണ്. അടുത്തുള്ള ബാത്ത്‌റൂമില്‍ റാന്‍ഡിയുടെ ഭാര്യ ഡെഡ്ര ഹണ്ട് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. എന്നാല്‍ പോലീസിനെ പോലും കരയിപ്പിച്ച കാഴ്ച മുകളിലത്തെ നിലയിലായിരുന്നു. ഡെഡ്രയുടെ മക്കളായ ചെല്‍സി, ചെലിസ എന്നീ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നു.
ഉറക്കത്തില്‍ എങ്ങോ വെടിയേറ്റ ആ കുഞ്ഞുങ്ങളെ കൊലയാളി വെറുതെ വിട്ടിരുന്നില്ല. അവരുടെ കഴുത്തറുത്തും കത്തികൊണ്ട് കുത്തിയും മരണം ഉറപ്പാക്കിയിരുന്നു എന്നതാണ്. ഇതായിരുന്നു മാര്‍ക്കിന്റെ കഥ. പോലീസ് ഈ കഥ ആദ്യം വിശ്വസിച്ചു. തുടര്‍ന്ന് നാല് പേരുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ അന്വേഷണവും ഊര്‍ജിതമാക്കി. കൊലപാതകം നടന്ന സമയത്ത് താന്‍ സുഹൃത്തുക്കളായ ബ്രാന്‍ഡന്‍, ഡേവിഡ് എന്നിവര്‍ക്കൊപ്പം സിനിമയ്ക്ക് പോയതായിരുന്നു എന്നായിരുന്നു മാര്‍ക്കിന്റെ മൊഴി. എന്നാല്‍ വീട്ടില്‍ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ലാത്തതും, വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിച്ചു. ഈ സംശയങ്ങളാണ് ആ കുടുംബത്തില്‍ ബാക്കിയായ മാര്‍ക്കിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്.
ഒന്നുകില്‍, മാര്‍ക്കിന് കൊലയാളികളെ കുറിച്ചുള്ള വിവരം നല്‍കാനാകും, അല്ലെങ്കില്‍ മാര്‍ക്ക് അറിഞ്ഞു കൊണ്ടാണ് കൊല നടത്തിയിരിക്കുന്നതെന്ന് പോലീസ് ബലമായി സംശയിച്ചു. ഈ കേസില്‍ നിര്‍ണ്ണായകമായത് മാര്‍ക്കിന്റെ കാമുകിയായ മിഷേല്‍ സംറയുടെ മൊഴിയായിരുന്നു. മാര്‍ക്ക് തന്നെയാണ് തന്റെ കുടുംബത്തെ കൊന്നതെന്ന് അവന്‍ അവളോട് പറഞ്ഞിരുന്നു. ഇതോടെ മാര്‍ക്ക്, അവന്റെ സുഹൃത്ത് മൈക്കല്‍ ബ്രാന്‍ഡന്‍ സംറ, ഡേവിഡ്, എലിസണ്‍ എന്നിവര്‍ പിടിയിലായി. ആ രാത്രി നടന്ന സംഭവങ്ങള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ കേട്ടവര്‍ നടുങ്ങിപ്പോയി. ഒരു 16 വയസ്സുകാരന്റെ വഴിവിട്ട ജീവിതത്തെ നേരേയാക്കാന്‍ ശ്രമിച്ചു എന്ന കാര്യത്തിന് ഒരു കുടുംബത്തെ മുഴുവന്‍ കൊന്നുകളയാന്‍ എങ്ങനെ തോന്നി എന്നതാണ് പോലീസിനെ അതിശയിപ്പിച്ചത്.
വിചാരണയ്‌ക്കൊടുവില്‍ 1998ല്‍ മാര്‍ക്ക് ആന്റണി ഡ്യൂക്കിനും ബ്രാന്‍ഡനും കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ മാര്‍ക്കിന് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ പിന്നീട് അവന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ബ്രാന്‍ഡന്‍ സംറയെ 2019ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഒരു കുടുംബം മുഴുവന്‍ സ്വന്തം രക്തത്തില്‍ പിറന്നവനാല്‍ തന്നെ ഇല്ലാതാക്കപ്പെട്ട, പെലം സിറ്റിയെ നടുക്കിയ ആ ദുരന്തം ഇന്നും അലബാമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുകയാണ്.
CONTENT HIGH LIGHTS; His hand did not tremble when he killed his younger sisters, father, and adoptive mother: A family was murdered by their own son for the sake of property and his own pleasure
















