മലയാളികളുടെ മനസ്സിൽ ഇന്നും നോവായി നിൽക്കുന്ന കലാകാരനാണ് അന്തരിച്ച നടൻ കലാഭവൻ മണി. ഇന്ന് നടന്റെ അൻപത്തിയഞ്ചാം ജന്മദിനമാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്ത് മണിയുടെ ഓര്‍മകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് നടൻ ടിനി ടോം. അദ്ദേഹത്തിന് കൊടുക്കുന്ന സമ്മാനങ്ങൾ പോലും തനിക്ക് പങ്കുവച്ചിരുന്നെന്നും ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങൾ മണിച്ചേട്ടൻ തന്നതായിരുന്നു എന്നും ടിനി കുറിച്ചു.
ടിനി ടോമിന്റെ കുറിപ്പ്:
ജനുവരി 1, ഇന്നാണ് മണിച്ചേട്ടന്റെ ജന്മദിനം. എനിക്ക് 19 വയസുള്ളപ്പോഴാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര. ഗൾഫിലേക്ക്. സെഞ്ച്വറി മമ്മിക്കയും, സിദ്ധിക്കയും, നാദിർഷിക്കയും നയിക്കുന്ന ആ ഷോയിൽ സിനിമയിൽ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം. പലപ്പോഴും ഒരുമിച്ച് ഒരു മുറിയിൽ ഒരു കട്ടിലിൽ. പ്രധാനപ്പെട്ടവരെ സൽക്കരിക്കാനും പുറത്തു കറക്കാനും പ്രവാസികൾ ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ പലപ്പോഴും ഏകാന്തതയിൽ ആയിരുന്നു. മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരിന്നു. അവർ മേടിച്ചു കൊടുക്കുന്ന ഗൾഫ് മുണ്ടും, ഈത്തപ്പഴവും, വാച്ചും, വെൽവെറ്റ് പുതപ്പും ചേട്ടൻ എനിക്കും പങ്കുവയ്ക്കുമായിരിന്നു. ഒന്നുമില്ലായ്മയിൽ മണിച്ചേട്ടൻ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്. ഹാപ്പി ബർത്ത്ഡേ മണിച്ചേട്ടാ. (മണിച്ചേട്ടന്റെ പരിചയമുള്ള ഒരു ഫാമിലിയിലേക്ക് എന്നെയും കൂട്ടിയപ്പോൾ എടുത്ത ചിത്രം ).
മലയാള സിനിമയിലെ സകലകലാ വല്ലഭനായിരുന്നു കലാഭവൻ മണി. സിനിമകളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളത്തിൽ നിറസാന്നിധ്യമായി നിൽക്കുമ്പോഴായിരുന്നു മണിയുടെ അപ്രതീക്ഷിത വേർപാട്. 2016 മാർച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
















